കുറവില്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗ വ്യാപനം; ഇന്ന് 110 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 110 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 35, എറണാകുളം 19, തിരുവനന്തപുരം 18, കോഴിക്കോട് 10, തൃശൂര്‍ 6, കൊല്ലം, മലപ്പുറം 5 വീതം, പത്തനംതിട്ട, പാലക്കാട് 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 13 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ദിനംപ്രതി ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവര്‍ത്തകുടെ എണ്ണം നൂറിന് അടുത്താണ്. ഇന്നലെ 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച 95 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം ഇന്ന് 5042 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധിച്ച സാമ്പിളുകളുടെ എണ്ണം കുറവായതിനാലാണ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാമ്പിളുകളാണ് പരിശോധിച്ചത്.

അതേസമയം സംസ്ഥാനത്ത് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന് 4338 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 23 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4640 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 84,873 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,49,111 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,58,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version