ആരോഗ്യപ്രവര്‍ത്തകരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നാളെ ഒപി ബഹിഷ്‌കരിക്കുമെന്ന് കെജിഎംസിടിഎ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തിലെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നാളെ എട്ടുമുതല്‍ പത്തുമണി വരെ ഒപി ബഹിഷ്‌കരിക്കുമെന്ന് കെജിഎംസിടിഎ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ എടുത്ത നടപടി പിന്‍വലിച്ചില്ലെങ്കില്‍ മറ്റന്നാല്‍ മുതല്‍ അനിശ്ചികാല പണിമുടക്ക് ആരംഭിക്കുമെന്നും കെജിഎംസിടിഎ പറഞ്ഞു.

കൊവിഡ് വാര്‍ഡ്, അത്യാഹിത വിഭാഗം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തിലായിരിക്കും സമരം. പ്രതിഷേധ സൂചകമായി ആരോഗ്യമന്ത്രിക്ക് മെഡിക്കല്‍ കേളേജിലെ കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ നാളെ രാജി നല്‍കും. പണിമുടക്കിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാനും തീരുമാനമായി.

അതേസമയം ഡോക്ടര്‍മാര്‍ക്ക് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സുമാരും റിലേ സത്യാഗ്രസമരം തുടങ്ങി. രോഗിയെ പുഴു അരിച്ച സംഭവത്തിലെ അച്ചടക്ക നടപടിക്ക് പുറമെ കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതുമാണ് സമരത്തിന് കാരണം. ഒരു ദിവസത്തിനകം ഒത്ത് തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് ഡോക്ടര്‍മാരുടേയും നഴ്സുമാരുടെയും മുന്നറിയിപ്പ്.

10 ദിവസം കൊവിഡ് ഡ്യൂട്ടി എടുത്താല്‍ 7 ദിവസം അവധി എന്ന ആനുകൂല്യം റദ്ദാക്കിയിരുന്നു. രോഗിയെ പുഴുവരിച്ച സംഭവത്തിലെ നടപടി പിന്‍വലിക്കുന്നതിനൊപ്പം ഈ തീരുമാനവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെജിഎന്‍യു അനിശ്ചിതകാല സമരം തുടങ്ങിയത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ അരുണയെ തിരിച്ചെടുക്കാനാവശ്യപ്പെട്ടാണ് സമരം.

അതേസമയം പ്രത്യേക അവധി റദ്ദാക്കല്‍ പ്രതികാര നടപടിയല്ലെന്നും കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് തീരുമാനമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

Exit mobile version