ആശങ്ക ഉയര്‍ത്തി ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ രോഗ വ്യാപനം; ഇന്ന് 105 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നതിനൊപ്പം ആശങ്ക ഉയര്‍ത്തി ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ രോഗ വ്യാപനം. ദിനംപ്രതി കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ഉയരുകയാണ്. ഇന്ന് മാത്രം 105 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 29, കണ്ണൂര്‍ 26, എറണാകുളം 16, കോട്ടയം 8, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട്, വയനാട് 5, മലപ്പുറം 2, കൊല്ലം, ആലപ്പുഴ, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 2 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ഒരോ ദിവസവും രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം നൂറിന് മുകളിലാണ്. ഇന്നലെ 123 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 130 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ രോഗവ്യാപനം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. ഇന്ന് 8135 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.29 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 771 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 218 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 72,339 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,31,052 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,43,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version