ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും വ്യാജ രേഖകളില്‍ ഒപ്പിടുവിക്കല്‍; സൗദിയിലെ എന്‍എസ്എച്ച് കമ്പനിയിലെ മലയാളി ഉദ്യോഗസ്ഥര്‍ക്കെതിരെ തൊഴിലാളികള്‍, സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി

തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍-ഖോബാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാസ്സര്‍ എസ് അല്‍-ഹജ്രി കോര്‍പറേഷന്‍ (Nasser S. Al-Hajri Corporation – NSH) എന്ന കമ്പനിയിലെ മലയാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ തൊഴിലാളികള്‍ പോലീസില്‍ പരാതി നല്‍കി. തൊഴിലാളികളില്‍ നിന്ന് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും വിവിധ രേഖകളില്‍ ഒപ്പീടിച്ചു വാങ്ങിയെന്നു കാണിച്ചാണ് എന്‍എസ്എച്ചില്‍ നിന്നും പിരിച്ചു വിട്ട തൊഴിലാളികള്‍ പരാതി നല്‍കിയത്.

തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് തൊഴിലാളികള്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ജീവന്‍ അപായപ്പെടുത്തുമെന്നും നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ കമ്പനി എച്ച്ആര്‍ മാനേജറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയുമായ ശ്രീകുമാര്‍ദാസ് , അഡ്മിനിസ്‌ട്രേഷന്‍ മാനേജരും കൊല്ലം സ്വദേശിയുമായ ഷെറിന്‍, മാവേലിക്കര സ്വദേശി പ്രമോദ് വി എസ്, കൊല്ലം സ്വദേശി ഗിരീശന്‍ നായര്‍, കൊല്ലം സ്വദേശി സുമേഷ് എം പിള്ളൈ തുടങ്ങിയ എന്‍എസ്എച്ച് ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ റിക്രൂട് ചെയ്ത തിരുവനന്തപുരം സ്വദേശി ഉണ്ണികൃഷ്ണന്റെ നിര്‍ദേശ പ്രകാരം അറബിയിലും ഇംഗ്ലീഷിലുമുള്ള വിവിധ രേഖകളിലും വെള്ളക്കടലാസുകളിലും തൊഴിലാളികളെക്കൊണ്ട് ഒപ്പുകള്‍ വെപ്പിച്ചുവെന്നാണ് തൊഴിലാളികള്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

രേഖകളില്‍ ഒപ്പിട്ട ശേഷം മാത്രമേ കൊവിഡ് ലോക്ഡോണിനിടയിലും നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റും കമ്പനിയുടെ കൈവശമായിരുന്ന പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളും തൊഴിലാളികള്‍ക്ക് മടക്കിനല്‍കിയതെന്നും പരാതിയില്‍ പറയുന്നു. അഞ്ചു വര്‍ഷം മുതല്‍ മുപ്പതു വര്‍ഷംവരെ എന്‍എസ്എച്ചില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് സൗദി തൊഴില്‍ നിയമപ്രകാരം ലഭിക്കേണ്ട റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളൊന്നും നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല.

സൗദിയില്‍ ലേബര്‍ കോടതിയില്‍ തൊഴിലാളികള്‍ പരാതിനല്‍കുന്നപക്ഷം തൊഴിലാളികളുടെ പേരില്‍ വ്യാജതെളിവുകള്‍ സമര്‍പ്പിക്കാനാണ് വ്യാജ രേഖകളിലും വെള്ളപേപ്പറുകളിലും ബലപ്രയോഗത്തിലൂടെ ഒപ്പിട്ടു വാങ്ങുന്നതെന്നാണ് തൊഴിലാളികള്‍ പരാതിയില്‍ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പോലീസ് പരാതികള്‍ നല്‍കുമെന്നും തൊഴിലാളികള്‍ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465,467,468,469,506,120 B തുടങ്ങിയ വകുപ്പുകൾ പ്രകാരം ക്രിമിനൽ നടപടി ചട്ടത്തിലെ 188 – )o വകുപ്പു പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

സമീപ ദിവസങ്ങളില്‍ കാസര്‍കോടുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിക്ഷേപ തട്ടിപ്പിനേക്കാള്‍ പതിന്മടങ്ങ് വലിയ തൊഴില്‍ തട്ടിപ്പും കൂലി മോഷണവുമാണ് എന്‍എസ്എച്ച് അധികൃതര്‍ വര്‍ഷങ്ങളായി നടത്തുന്നതെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കാസര്‍കോഡ് മോഡല്‍ പ്രക്ഷോഭങ്ങളാരംഭിക്കാനും നീക്കമുണ്ട്.

Exit mobile version