‘ഭാഗ്യമിത്ര’ ഒരു കോടി ഭാഗ്യം നല്‍കുന്നത് അഞ്ചുപേര്‍ക്ക്; ഒന്നാംസമ്മാനം ഒന്നിലധികം പേര്‍ക്ക് നല്‍കുന്ന ഏക ടിക്കറ്റ്, വിപണിയിലെത്തുക അടുത്തമാസം

ആലപ്പുഴ: ഒരുകോടിരൂപ വീതം അഞ്ചുപേര്‍ക്ക് ഒന്നാംസമ്മാനം ലഭിക്കുന്ന ‘ഭാഗ്യമിത്ര’ ഭാഗ്യക്കുറി ഉടന്‍ വരുന്നു. അടുത്തമാസം വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ സമ്മാനഘടന സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

ഒന്നാംസമ്മാനം ഒന്നിലധികംപേര്‍ക്കുനല്‍കുന്ന ഏക ടിക്കറ്റ് കൂടിയാണ് ഭാഗ്യമിത്ര. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജിഎസ്ടി കൂടി ഉള്‍പ്പെടുത്തിയാണ് ടിക്കറ്റിന് 100 രൂപ നിശ്ചയിച്ചിരിക്കുന്നത്. വിജ്ഞാപനംവന്നശേഷം അച്ചടി ആരംഭിക്കുകയൊള്ളൂ. ഒക്ടോബര്‍ 10-നുമുന്‍പ് വിപണിയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറിവകുപ്പ്.

ഒന്നാം സമ്മാനത്തിനു പുറമെ രണ്ടുംമൂന്നും സമ്മാനങ്ങളായി യഥാക്രമം 10 ലക്ഷവും രണ്ടുലക്ഷവും 5000, 2000, 1000, 500, 300 എന്നിങ്ങനെയും ഉള്‍പ്പെടുത്തി ആകെ 24 കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍ നല്‍കാനാണ് ഭാഗ്യക്കുറിവകുപ്പിന്റെ തീരുമാനം. 72 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചേയ്ക്കും. ആദ്യഘട്ടത്തില്‍ 40 ലക്ഷത്തില്‍ത്താഴെമാത്രമെ അച്ചടിക്കൂ. നവംബര്‍ ഒന്നിനാവും നറുക്കെടുപ്പ്. 20 ദിവസത്തോളം വില്‍പ്പനയ്ക്കുലഭിക്കും. ഒരോമാസവും ആദ്യഞായറാഴ്ച നറുക്കെടുക്കാനാണ് ആലോചന.

Exit mobile version