ആകെയുള്ള സമ്പാദ്യം ജീവനും ജീവിതവുമായ പാട്ടുപെട്ടി, തൊടുപുഴയില്‍ വെച്ച് അതും ആരോ കവര്‍ന്നു; മോഷ്ടാക്കള്‍ എടുത്തത് ഗസ്‌നിയുടെ ഉപജീവനമാര്‍ഗം, തൊഴുകൈയ്യോടെ ഈ 69കാരന്‍

തൊടുപുഴ: ആകെയുള്ള സമ്പാദ്യമായ ജീവനും ജീവിതവുമായ പാട്ടുപെട്ടി തൊടുപുഴയില്‍ വെച്ച് മോഷണം പോയി. ഇപ്പോള്‍ ‘കരുണാമയനേ കാവല്‍വിളക്കേ, കനിവിന്‍ നാളമേ…’ എന്നത് ഗസ്‌നി ‘കരുണാമയനോട്’ തന്നെ തൊണ്ടയിടറി അപേക്ഷിക്കുകയാണ്. 69 കാരാനയ ഗസ്‌നിയുടെ ഉപജീവനമാര്‍ഗം കൂടിയാണ് മോഷ്ടാക്കള്‍ എടുത്ത് കൊണ്ട് പോയത്.

പ്രായത്തിന്റെ അവശത തളര്‍ത്താത്ത സ്വരമാധുര്യം കൊണ്ട് സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞ മുഹമ്മദ് ഗസ്നിയെന്ന തെരുവുഗായകന്റെ പാട്ടുപെട്ടിയാണ് തൊടുപുഴയില്‍നിന്ന് നഷ്ടപ്പെട്ടത്. കോഡ്ലെസ് മൈക്കും സ്പീക്കറും ചാര്‍ജറുമൊക്കെയുള്ള പാട്ടുപെട്ടിയാണ് ഗസ്‌നിയുടേത്. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ പാട്ട് കേട്ട നടന്‍ മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം ആന്റണി പെരുമ്പാവൂര്‍ വാങ്ങി നല്‍കിയ പാട്ടുപെട്ടിയാണ് നഷ്ടപ്പെട്ടതെന്ന് ഇദ്ദേഹം പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹം തൊടുപുഴയിലെത്തിയത്. ഞായറാഴ്ച മൂവാറ്റുപുഴയിലേക്ക് പോകാന്‍ സിവില്‍ സ്റ്റേഷന് മുമ്പിലെ ബസ് സ്റ്റോപ്പിലിരിക്കുകയായിരുന്നു. അതിനിടെ ക്ഷീണത്താല്‍ മയങ്ങിപ്പോയി. കണ്ണുതുറന്നപ്പോള്‍ പാട്ടുപെട്ടിയില്ല. കരുണയുള്ള ഒരുകൂട്ടം ടാക്സി-ഓട്ടോ തൊഴിലാളികള്‍ പുതിയ മൈക്കും സ്പീക്കറും വാങ്ങി നല്‍കി.

എന്നാല്‍, അത് തെരുവിലെ പാട്ടിന് ഉപയോഗിക്കാന്‍ കഴിയില്ല. പാട്ടുപെട്ടി നഷ്ടപ്പെട്ട കാര്യം തൊടുപുഴ പോലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടുണ്ടെന്ന് ഗസ്‌നി പറയുന്നു. വയനാട്ടിലാണ് ഇദ്ദേഹവും കുടുംബവും താമസിക്കുന്നത്.

Exit mobile version