ഡ്രൈവര്‍മാര്‍ക്കും വ്യാപാരികള്‍ക്കും ചുമട്ട് തൊഴിലാളികള്‍ക്കും കൂട്ടത്തോടെ കൊവിഡ്; മട്ടന്നൂര്‍ ടൗണ്‍ അടയ്ക്കും

കണ്ണൂര്‍: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് മട്ടന്നൂര്‍ ടൗണ്‍ അടയ്ക്കാന്‍ തീരുമാനം. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍, ചുമട്ട് തൊഴിലാളികള്‍ വ്യാപാരികള്‍ എന്നിവര്‍ക്കാണ് കൂട്ടത്തോടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

മട്ടന്നൂര്‍ ടൗണ്‍ ഉള്‍പ്പെടുന്ന നഗരസഭയിലെ 28, 29, 31 വാര്‍ഡുകള്‍ അടച്ചിടാനാണ് തീരുമാനം. ജില്ലയില്‍ ഇന്ന് 365 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 322 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയേറ്റിരിക്കുന്നത്. രണ്ടു പേര്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 8630 ആയി ഉയര്‍ന്നു. ഇവരില്‍ 145 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 5295 ആയി.

Exit mobile version