രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതര്‍ വീടുകളില്‍ കഴിയാന്‍ തയ്യാറാകണം; മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതര്‍ വീടുകളില്‍ കഴിയാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സാകേന്ദ്രങ്ങള്‍ ലക്ഷണമുള്ളവര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കുമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം. ലക്ഷണമില്ലാത്തവരെ ആശുപത്രികളിലേക്ക് മാറാന്‍ വീട്ടുകാരും നാട്ടുകാരും നിര്‍ബന്ധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ച ലക്ഷണമില്ലാത്തവര്‍ക്ക് ഹോം ഐസൊലേഷന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ തയ്യാറാവാത്ത സ്ഥിതിയുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് പോകാന്‍ നാട്ടുകാരും ബന്ധുക്കളും നിര്‍ബന്ധിക്കുന്നതായും കാണുന്നുണ്ട്. അത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ കഴിയുന്ന രോഗികള്‍ ആരോഗ്യവകുപ്പ് മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം 5000 കടന്നു.കേരളത്തില്‍ ഇന്ന് 5376 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 592 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5064 സമ്പര്‍ക്ക രോഗികളാണുള്ളത്. 99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 42,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,04,682 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,629 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

അതേസമയം പരിശോധനകളും വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,200 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 25,45,385 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,98,189 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Exit mobile version