പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയല്‍ ‘തൊഴിലുറപ്പ് തൊഴിലാളി’യെന്ന് രേഖ; കുടുംബ തൊഴില്‍ കാര്‍ഡ് കണ്ടെത്തി

കോന്നി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പോപുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയല്‍ തൊഴിലുറപ്പ് തൊഴിലാളിയെന്ന് രേഖ. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള കുടുംബ തൊഴില്‍ കാര്‍ഡ് ഇയാളില്‍ നിന്നും കണ്ടെത്തി. വകയാറിലെ കുടുംബ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് തോമസ് ഡാനിയലിന്റെ ചിത്രത്തോട് കൂടിയ കാര്‍ഡ് അന്വേഷണ സംഘത്തിന് കിട്ടിയത്.

കോന്നി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണെന്ന് തെളിയിക്കുന്ന കാര്‍ഡാണ് കണ്ടെത്തിയത്. 2011-12 കാലഘട്ടത്തിലാണ് കാര്‍ഡ് നേടിയത്. സാമ്പത്തിക തട്ടിപ്പ് നടത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്താല്‍ കോടതിയില്‍ പാപ്പര്‍ ഹരജി നല്‍കുമ്പോള്‍ സമര്‍പ്പിക്കാന്‍ സ്വന്തമാക്കിയതാണിതെന്നാണ് കരുതുന്നത്. എന്നാല്‍ തന്റെ കൃഷിഭൂമിയില്‍ തൊഴിലുറപ്പിന്റെ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് തൊഴില്‍ കാര്‍ഡ് എടുത്തിട്ടുള്ളത് എന്നാണ് വിശദീകരണം. പറമ്പില്‍ മഴക്കുഴി എടുക്കുന്നതിന്റെ പേരില്‍ കാര്‍ഡ് സ്വന്തമാക്കിയെന്നാണ് കരുതുന്നത്. അടുത്ത ബന്ധുവായ മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ട്.

അതേസമയം ആര്‍ക്കു വേണമെങ്കിലും തൊഴിലുറപ്പ് തൊഴിലാളിയായി രജിസ്റ്റര്‍ ചെയ്ത് കുടുംബ തൊഴില്‍ കാര്‍ഡ് കൈപ്പറ്റാവുന്നതാണെന്നും അതില്‍ അസ്വാഭാവികത ഇല്ലെന്നും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എന്‍ ഹരി പറഞ്ഞു. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കു വേണമെങ്കിലും 100 ദിവസം തൊഴില്‍ കിട്ടാന്‍ അവകാശം ഉണ്ട്. അതില്‍ എ.പി.എല്‍, ബി.പി.എല്‍ വേര്‍തിരിവില്ല. കാര്‍ഡ് എടുക്കുന്നയാള്‍ മറ്റുള്ള തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യണം. കുടുംബ തൊഴില്‍ കാര്‍ഡില്‍ തൊഴില്‍ ചെയ്യാന്‍ തയാറാകുന്ന കുടുംബാംഗത്തിന്റെ പേര് മാത്രമാകും ഉള്‍ക്കൊള്ളിക്കുക എന്നും എന്‍ ഹരി പറഞ്ഞു.

2000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് തോമസ് ഡാനിയേലും ഭാര്യയും മൂന്ന് പെണ്‍മക്കളും ചേര്‍ന്ന് നടത്തിയത്. എന്നാല്‍, കോടികള്‍ നിക്ഷേപിച്ച പലരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല. കേസിലെ അഞ്ച് പ്രതികളും അറസ്റ്റിലായിട്ടുണ്ട്.

Exit mobile version