പട്ടികവര്‍ഗ വികസന വകുപ്പിലെ 4 മെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു മുഖ്യമന്ത്രി; പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ ഹോസ്റ്റല്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഷോളയൂര്‍, ഇരുമ്പുപാലം, ആനവായ് എന്നിവിടങ്ങളിലാണ് മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകള്‍ പുതിയതായി ആരംഭിച്ചത്.

അഗളിയിലാണ് പെണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. ഷോളയൂരിലെ ഹോസ്റ്റലില്‍ 60 ആണ്‍കുട്ടികള്‍ക്കും ഇരുമ്പുപാലത്ത് 100 പെണ്‍കുട്ടികള്‍ക്കും ആനവായില്‍ 100 കുട്ടികള്‍ക്കും താമസിക്കാനുള്ള സൗകര്യമുണ്ട്. ഷോളയൂരിലും ഇരുമ്പുപാലത്തും അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു നില കെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. ആനവായില്‍ പുതിയ ഇരുനില മന്ദിരമാണ്. അഗളിയില്‍ 4.74 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു നില മന്ദിരമാണ് നിര്‍മിക്കുന്നത്.

ഇവിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അക്കാഡമിക് നിലവാരം ഉയര്‍ത്തുന്നതിനുള്ള സംവിധാനവും ഉണ്ടാവും. പെണ്‍കുട്ടികള്‍ക്കായി തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആലുവ, മണ്ണന്തല, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളില്‍ പുതിയ ഹോസ്റ്റലുകള്‍ ആരംഭിച്ചിരുന്നു.

ഈ വിഭാഗങ്ങളിലെ 19000 അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനും സര്‍ക്കാരിന് കഴിഞ്ഞു. 1140 പേര്‍ക്ക് നിര്‍മാണ മേഖലയില്‍ നൈപുണ്യ വികസന പരിശീലനം നല്‍കി. സര്‍ക്കാര്‍ വകുപ്പുകളിലെ നിര്‍മാണം ഇവരെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3170 പേര്‍ക്ക് മറ്റു തൊഴിലുകളില്‍ പരിശീലനം നല്‍കി. വിവിധ പദ്ധതികളില്‍ 2500 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും കഴിഞ്ഞു. പട്ടികവര്‍ഗ വിഭാഗത്തിലെ 100 പേര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി ജോലി നല്‍കി. 125 പേര്‍ക്ക് കൂടി ഉടന്‍ നിയമനം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.

Exit mobile version