പ്രളയം; സ്വന്തം ദുരന്തനിവാരണസേനയെക്കുറിച്ച് ഇനിയും ചിന്തിക്കാതെ കേരളം

ഇപ്പോള്‍ സംസ്ഥാന പോലീസിന്റെ കീഴില്‍ നൂറില്‍ താഴെ അംഗങ്ങളുള്ള റാപ്പിഡ് റെസ്‌ക്യൂ റെസ്‌പോണ്‍സ് ഫോഴ്‌സ് (ആര്‍ആര്‍ആര്‍എഫ്) വിഭാഗം മാത്രമാണ് കേരളത്തിനുള്ളത്.

തൃശ്ശൂര്‍: സുനാമി, ഓഖി, പ്രളയം എന്നിങ്ങനെയുള്ള പ്രകൃതിദുരന്തങ്ങളുണ്ടായിട്ടും സ്വന്തമായി ഒരു ദുരന്തനിവാരണ സേനയെക്കുറിച്ച് കേരളം ഇതേവരെ ചിന്തിച്ചിട്ടില്ല. എന്നാല്‍ തമിഴ്‌നാട്, ഒഡിഷ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഇതിനകം ദുരന്തനിവാരണസേനാ ബറ്റാലിയനുകള്‍ വന്നുകഴിഞ്ഞു.

ഇപ്പോള്‍ സംസ്ഥാന പോലീസിന്റെ കീഴില്‍ നൂറില്‍ താഴെ അംഗങ്ങളുള്ള റാപ്പിഡ് റെസ്‌ക്യൂ റെസ്‌പോണ്‍സ് ഫോഴ്‌സ് (ആര്‍ആര്‍ആര്‍എഫ്) വിഭാഗം മാത്രമാണ് കേരളത്തിനുള്ളത്. ഇവര്‍ക്ക് തന്നെയാണ് രക്ഷാപ്രവര്‍ത്തനവും വിവിഐപി ഡ്യൂട്ടിയും അടക്കമുള്ള ചുമതലകള്‍.

ഇത്രയധികം പ്രകൃതിദുരന്തങ്ങള്‍ കേരളം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് പ്രത്യേക ദുരന്തനിവാരണസേനയുടെ പ്രസക്തിയേറുന്നത്. സംസ്ഥാന പോലീസിലെ ചില സംഘടനകള്‍ത്തന്നെ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. 26ന് കൊച്ചിയില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രളയാനന്തര കേരളത്തെക്കുറിച്ച് നടത്തുന്ന സെമിനാറില്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന വിഷയങ്ങളിലൊന്ന് ഇതാണ്. അവര്‍ ഈ ആശയം സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കും.

2015ല്‍ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നാണ് തമിഴ്‌നാട് ആയിരത്തോളം അംഗങ്ങളുള്ള പ്രത്യേക ബറ്റാലിയന്‍ രൂപവത്കരിച്ചത്. ദുരന്തമുണ്ടാകുമ്പോള്‍ ദേശീയ ദുരന്തനിവാരണസേനയാണ് ഇപ്പോള്‍ വലിയ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഏജന്‍സി. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, ആന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളുടെ ചുമതലയാണ് ചെന്നൈ ആസ്ഥാനമുള്ള ബറ്റാലിയന് ഉള്ളത്.

Exit mobile version