ആശങ്ക വര്‍ധിപ്പിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗ വ്യാപനം; ഇന്ന് 88 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഇന്ന് 88 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 31, കണ്ണൂര്‍ 25, എറണാകുളം 12, കൊല്ലം 8, മലപ്പുറം 6, പത്തനംതിട്ട, തൃശൂര്‍ 2 വീതം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം, എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ രോഗ വ്യാപനം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ദിനം പ്രതി കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 100 ന് അടുത്താണ്. ഇന്നലെ 80 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ശനിയാഴ്ച 86 ആരോഗ്യപ്രവര്‍ത്തകര്‍ക്കും വെള്ളിയാഴ്ച 102 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.18 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 553 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3022 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 39,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 98,724 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,907 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version