കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ഡോക്ടര്‍ മരിച്ചു; സംസ്ഥാനത്ത് മരിക്കുന്ന ആദ്യ ഡോക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു.തിരുവനന്തപുരം അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദിനാണ് കൊവിഡ് ബാധ മൂലം മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന അദ്ദേഹം തിങ്കളാഴ്ച മുതല്‍ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഇന്ന് രാവിലെയാണ് മരിച്ചത്. ഇദ്ദേഹത്തിന് ന്യൂമോണിയ അടക്കമുള്ള കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. കൊവിഡ് ബാധിച്ച് 350 ലേറെ ഡോക്ടര്‍മാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ചുവെന്നാണ് കണക്ക്. എന്നാല്‍ കേരളത്തില്‍ ഇത് ആദ്യ മരണമാണ്. അതേസമയം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ഒരോ ദിവസവും രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ഉയരുകയാണ്. ദിനംപ്രതി 100 ന് അടുത്താണ് കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം. ഇന്നലെ മാത്രം 86 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്.

Exit mobile version