43 ദിവസം വെന്റിലേറ്ററില്‍, 20 ദിവസം അബോധവസ്ഥയിലും; മരണത്തിനും ജീവിതത്തിനും ഇടയില്‍ കിടന്നത് 73 ദിവസത്തോളം, ഒടുവില്‍ കൊവിഡ് മുക്തി നേടി ടൈറ്റസ്

കൊല്ലം: മരണത്തിനും ജീവിതത്തിനും ഇടയില്‍ 73 ദിവസം കിടന്ന ടൈറ്റസ് ഒടുവില്‍ കൊവിഡ് മുക്തി നേടി ജീവിതത്തിലേയ്ക്ക്. 43 ദിവസം വെന്റിലേറ്ററിലും 20 ദിവസത്തോളം അബോധാവസ്ഥയിലുമാണ് ടൈറ്റസ് കിടന്നത്. ശാസ്താംകോട്ട സ്വദേശിയാണ് ടൈറ്റസ്. 52 വയസാണ്. കൊവിഡ് പിടിപ്പെട്ടതിനു പുറമെ, ശ്വാസകോശ-വൃക്ക രോഗങ്ങള്‍ കൂടിയായപ്പോള്‍ ടൈറ്റസിന്റെ നില ഗുരുതരമാവുകയായിരുന്നു.

ടൈറ്റസിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മെഡിക്കല്‍ കോളേജ് ചെലവിട്ടത് 32 ലക്ഷം രൂപയാണ്. ജൂലായ് ആറിനാണ് ശാസ്താംകോട്ട ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യക്കച്ചവടക്കാരനായ പള്ളിശ്ശേരിക്കല്‍ സ്വദേശി ടൈറ്റസിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. അന്നുതന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ച്ഛിച്ചതോടെ അരമണിക്കൂറിനുള്ളില്‍ ഐസിയുവിലേക്കും വെന്റിലേറ്ററിലേക്കും മാറ്റി. വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ടൈറ്റസിന്റെ ചികിത്സാരീതികള്‍ ആവിഷ്‌കരിച്ചത്.

കൊവിഡ് ബാധയെത്തുടര്‍ന്ന് ടൈറ്റസിന്റെ ആന്തരികാവയവങ്ങള്‍ പലതും പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. വൃക്ക രോഗം കലശലായി. 30 തവണ വെന്റിലേറ്ററില്‍ത്തന്നെ ഡയാലിസിസ് ചെയ്തു. നിരന്തരം ഡയാലിസിസ് വേണ്ടിവന്നതിനാല്‍ ആറുലക്ഷം രൂപ ചെലവിട്ട് ഐസിയുവില്‍ത്തന്നെ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ചു. ഏഴുതവണയാണ് മരണത്തില്‍ നിന്ന് ടൈറ്റസ് കരകയറിയത്.

ജൂലായ് 15-ന് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആരെങ്കിലും കടുത്ത ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ഓഗസ്റ്റ് 17-ന് വെന്റിലേറ്ററില്‍നിന്ന് മാറ്റിയെങ്കിലും ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. ഇത് വീണ്ടെടുക്കാനായി ഫിസിയോതെറാപ്പി ചെയ്തു. പിന്നാലെ ടൈറ്റസ് ജീവിതത്തിലേയ്ക്ക് തിരികെ വരികയായിരുന്നു. ടൈറ്റസിന്റെ ഭാര്യ ലൈലാമേരിയും രണ്ടു മക്കളുമടക്കം വീട്ടിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരും രോഗമുക്തരാണിപ്പോള്‍.

Exit mobile version