രാഹുല്‍ ഗാന്ധി എംപി ക്വാട്ടയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് സീറ്റ്; കോണ്‍ഗ്രസിനുള്ളില്‍ ‘പൊകച്ചില്‍’, ഒന്നും അറിയില്ലെന്ന് വയനാട് ഓഫീസും

Prime Minister | Bignewslive

കല്പറ്റ: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ എംപി ക്വാട്ടയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം. കല്പറ്റയിലെ ബിെജപി നേതാവിന്റെ മകള്‍ക്കാണ് കല്പറ്റ കേന്ദ്രീയവിദ്യാലയത്തില്‍ സീറ്റുനല്‍കിയത്. കെപിസിസി അംഗത്തിന്റെ ശുപാര്‍ശയിലാണ് കുട്ടിക്ക് സീറ്റ് നല്‍കിയതെന്നാണ് ഉയരുന്ന ആരോപണം. ഇതിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍തന്നെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതോടെ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കെപിസിസി അംഗം പിപി ആലിക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ബിജെപി നേതാവിന്റെ മകള്‍ക്കുവേണ്ടി ശുപാര്‍ശ നല്‍കിയതിനെക്കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കാരണം കാണിക്കല്‍ നോട്ടീസ് കൈമാറിയിരിക്കുന്നത്. സീറ്റുകിട്ടാത്ത കോണ്‍ഗ്രസ് നേതാക്കളായ രക്ഷിതാക്കളും നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ കാര്യമാണെന്നും വിവാദമാക്കാനൊന്നുമില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. അതേസമയം, വിവാദം കത്തുമ്പോഴും സംഭവത്തെക്കുറിച്ചും നടപടിയെക്കുറിച്ചും അറിയില്ലെന്നാണ് രാഹുലിന്റെ വയനാട് ഓഫീസിന്റെ പ്രതികരണം.

Exit mobile version