വിവാദ പരാമര്‍ശം ഐഎംഎ പിന്‍വലിക്കണമെന്ന് ആയുഷ് സ്റ്റുഡന്റസ് യുണൈറ്റഡ് മൂവേമെന്റ്

പൊന്നാനി:കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആയുഷ് വിഭാഗങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഐഎംഎ നിലപാടില്‍ മുഴുവന്‍ ആയുഷ് വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയായ ആയുഷ് സ്റ്റുഡന്റ് യുണൈറ്റഡ് മൂവ്‌മെന്റ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്.

കോവിഡ് 19 മഹാമാരിക്കെതിരെ മികച്ച രീതിയില്‍ പ്രധിരോധ പ്രവര്ത്തനം നടത്തുന്ന ആയുഷ് മേഖലയിലെ മുഴുവന്‍ പേരേയും അവഹേളിക്കുന്ന തരത്തില്‍ സി എഫ് എല്‍ ടി സിയില്‍ ജോലി ചെയ്യുന്ന ആയുഷ് ഡോക്ടേഴ്‌സിന് ബിപി നോക്കാനും ടെംപ്രേച്ചര്‍ നോക്കാനും മാത്രമേ സാധിക്കു എന്ന് ഐഎംഎ പ്രതിനിധി ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചത് ബാലിശവും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതുമാണ്. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആയുഷ് സ്റ്റുഡന്റ് യുണൈറ്റഡ് മൂവ്‌മെന്റ് 14,15,16 തിയ്യതികളില്‍ ഹാഷ് ടാഗ് ക്യാംപെയിന്‍ ഉള്‍പ്പടെ ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയകളിലൂടെ ശക്തമായ ത്രിദിന പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വൈദ്യശാസ്ത്രം ഐഎംഎ യുടെ കുത്തക അല്ലെന്നും വിവിധ മേഖലകള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിലൂടെയും സഹകരണത്തിലൂടെയും മാത്രമേ പൊതുജനാരോഗ്യമേഖല ശക്തിപ്പെടു എന്ന് ഐഎംഎ യെ ഓര്‍മിപ്പിക്കുന്നതായും വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ പ്രതിഷേധക്കുറിപ്പില്‍ അറിയിച്ചു

റിപ്പോര്‍ട്ട്: ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

Exit mobile version