കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിലനിര്‍ത്തണമെന്ന് ആവശ്യം; സമാന്തര വിദ്യാഭ്യാസ മേഖല പ്രത്യക്ഷ സമരത്തിലേക്ക്

പൊന്നാനി: കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമാന്തര വിദ്യാഭ്യാസ മേഖല പ്രത്യക്ഷ സമരത്തിലേക്ക്. ഈ മാസം 14 തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ 12 മണിവരെ കേരളത്തിലെ മുഴുവന്‍ സ്ഥാപനങ്ങളിലും പ്രതിഷേധ ധര്‍ണ്ണ നടത്തും.

കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും സമരത്തില്‍ പങ്കെടുക്കും.സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ വിദൂര പഠനവിഭാഗം നിര്‍ത്തലാക്കുന്നത് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് ദോഷകരമായി ബാധിക്കുക. സ്വാശ്രയ കോളേജുകളെ സഹായിക്കാനാണ് ഇക്കാര്യത്തില്‍ അധികൃതര്‍ അനുകൂല നടപടി എടുക്കാതിരിക്കുന്നതെന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

യു ജി സി നിര്‍ദ്ധേശിക്കുന്ന 3.26 ഗ്രേഡിംഗ് ഇല്ലാത്ത സര്‍വകലാശാലകള്‍ക്ക് വിദൂരവിദ്യാഭാസം വഴി പഠനം നടത്തുന്നതിന് 2018 ഫെബ്രുവരിയിലാണ് യുജിസി വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സര്‍വകലാശാലകളുടെ ആവശ്യം പരിഗണിച്ച് ഇത് രണ്ട് വര്‍ഷത്തേക്ക് ഇളവ് നല്‍കിയിരുന്നു. ആ ഇളവ് നീട്ടി നല്‍കാന്‍ ഇപ്പോള്‍ തയാറാവാതെ വന്നതോടെയാണ് വിദൂരപഠനം വീണ്ടും പ്രതിസന്ധിയിലായത്.

നേരത്തെ നിശ്ചയിച്ച 3.26 പോയന്റ് എന്നത് യു ജി സി 3.01 എന്നാക്കി ചുരുക്കിയിട്ടുണ്ട്. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് അടക്കം ഈ യോഗ്യത ഉണ്ടായിട്ടും മറ്റു ചില താല്‍പര്യങ്ങളാല്‍ പ്രൈവറ്റ്, വിദൂര കോഴ്‌സുകള്‍ അന്യായമായി നിര്‍ത്തലാക്കുകയാണ്. ഇതാണ് സമാന്തര വിദ്യാഭ്യാസമേഖല പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങാന്‍ കാരണം.

Exit mobile version