കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് 52 പേര്‍ക്ക് രോഗം; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 52 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതവും, തൃശൂര്‍ 5, മലപ്പുറം 4, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 3 വീതവും, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, വയനാട് ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 16 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 3 ബിസിഎംസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. ഇന്നലെ 72 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ബുധനാഴ്ച 88 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ചൊവ്വാഴ്ച 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ രോഗം പടരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 2988 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 14 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 410 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1326 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 27,877 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 73,904 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,256 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version