രണ്ടില ചിഹ്നം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയില്‍

കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് എതിരെ പിജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. ജോസ് പക്ഷത്തിന് പാര്‍ട്ടി ചിഹ്നമായ രണ്ടില നല്‍കിയതിനെതിരെയാണ് ഹര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് പിജെ ജോസഫിന്റെ ഹര്‍ജിയില്‍ പറയുന്നു.

വസ്തുതകള്‍ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചത്. 450 അംഗ സംസ്ഥാന സമിതിയില്‍ 305 പേരുടെ നിലപാട് മാത്രം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ആയി ചുമതല ഏല്‍ക്കുന്നതില്‍ നിന്ന് മജിസ്‌ട്രേറ്റ് കോടതി ജോസ് കെ മാണിയെ വിലക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.

കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കികൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. ജോസ് കെ മാണിയെയാണ് കേരള കോണ്‍ഗ്രസ് എം ആയി പരിഗണിക്കാനാവുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version