കനത്ത മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കൊച്ചി: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആറ് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനെ തുടര്‍ന്ന് കേരളം, കന്യാകുമാരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കാലവര്‍ഷം ശക്തമായി. തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ജില്ലകളില്‍ കനത്തമഴ ലഭിച്ചു. തിരുവനന്തപുരത്ത് രാവിലെ മുതല്‍ കനത്തമഴയും കാറ്റും ഉണ്ടായി.താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു.സംസ്ഥാനത്ത് വരുന്ന രണ്ട് ദിവസം കൂടി മഴശക്തമായി തുടരും. രണ്ടാഴ്ച പരക്കെ മഴകിട്ടാനും ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ശക്തമായ കാറ്റിലും കടല്‍ ക്ഷോഭത്തിലും തിരുവനന്തപുരം വലിയതുറയില്‍ തീരത്ത് സൂക്ഷിച്ചിരുന്ന വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഒഴുകിപ്പോയി. ഇവ കരക്ക് അടുപ്പിക്കാന്‍ ശ്രമിച്ച മത്സ്യതൊഴിലാളികളും വന്‍ തിരമാലകളിലകപ്പെട്ടു. ഒരുമണിക്കൂറിലേറെ ശ്രമിച്ചാണ് അവരെ കരയ്ക്ക് എത്തിച്ചത്.

അതേസമയം കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് 3.5 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു.

Exit mobile version