കൊവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം; വനിതാ കമ്മീഷനു പിന്നാലെ മനുഷ്യാവകാശ കമ്മീഷനും കേസേടുത്തു

തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംസ്ഥാന പോലീസ് മേധാവിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ നേരത്തെ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. പീഡനത്തിനിരയായ യുവതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും, കൊവിഡ് രോഗികളായ സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നത് എന്നും ജോസഫൈന്‍ പറഞ്ഞു. പത്തനംതിട്ട എസ്പിയോട് സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു.

പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതിന് പുറമേ പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് കാലത്ത് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കൊവിഡ് കാല സേവനങ്ങള്‍ക്കായി നല്ക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തേണ്ടതാണ് എന്നും ജോസഫൈന്‍ പറഞ്ഞു.

108 ആംബുലന്‍സ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫല്‍ ആണ് കൊവിഡ് രോഗിയെ പീഡിപ്പിച്ചത്. കൊവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്ന വഴിമധ്യേയായിരുന്നു പീഡനം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

അടൂര്‍ വടക്കേടത്ത്കാവില്‍ നിന്ന് രണ്ട് കൊവിഡ് രോഗികളുമായി പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു നൗഫലിന്റെ ആംബുലന്‍സ്. പീഡനത്തിനരയായ പെണ്‍കുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടായിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെണ്‍കുട്ടിയെ ഇറക്കാതെ 18 കിലോമീറ്റര്‍ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിലേക്കാണ് പ്രതി ആദ്യം പോയത്. ഇവിടെ 42 കാരിയായ സ്ത്രീയെ ഇറക്കിയ ഇയാള്‍ പെണ്‍കുട്ടിയുമായി തിരിച്ചു വന്നു. തിരിച്ചു വരുന്ന വഴിയില്‍ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ടാണ് നൗഫല്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്.

പിന്നീട് പെണ്‍കുട്ടിയെ ചികിത്സ കേന്ദ്രത്തിലെത്തിച്ച ശേഷം നൗഫല്‍ ആംബുലന്‍സുമായി കടന്നു കളഞ്ഞു. പെണ്‍കുട്ടി രാത്രി തന്നെ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂരില്‍ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

Exit mobile version