‘പതിനഞ്ചു വര്‍ഷമായി ഞാന്‍ ജനീവയിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയിട്ട്, എനിക്കാവശ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക്ക് ആയി കിട്ടുന്നുണ്ട്’; ഡിജിറ്റല്‍ സിഗ്‌നേച്ചറിന്റെ പ്രാധാന്യം വിവരിച്ച് മുരളി തുമ്മാരുകുടി

കൊച്ചി: ഡിജിറ്റല്‍ സിഗ്നേച്ചറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി നേതാവ് ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ കേരളത്തില്‍ വ്യാപകമായി ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചറിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുകയാണ് യുഎന്‍ ദുരന്ത നിവാരണ തലവനായ മുരളി തുമ്മാരുകുടി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുരളി തുമ്മാരുകുടി ഈ ഡിജിറ്റല്‍ സിഗ്‌നേച്ചറിന്റെ പ്രധാന്യം വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:

ഈ (ഡിജിറ്റല്‍) സിഗ്‌നേച്ചറിന്റെ ഒരു കാര്യം !

ഒരാവശ്യത്തിന് വേണ്ടി സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ ‘സാര്‍ ഓഫീസില്‍ ഇല്ലാത്തതിനാല്‍’ ചെക്ക്, ഫയല്‍, സര്‍ട്ടിഫിക്കറ്റ് അതൊപ്പിട്ട് കിട്ടാത്ത അനുഭവം ഇല്ലാത്തവര്‍ എന്റെ തലമുറയില്‍ കുറവാണ്. അതുകൊണ്ട് തന്നെ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍, രണ്ടായിരത്തി ഇരുപതില്‍ എങ്കിലും ഇ സിഗ്‌നേച്ചര്‍ ഒക്കെ കേരളത്തില്‍ ചര്‍ച്ചയാകുന്നത് നല്ല കാര്യമാണ്.സാര്‍ തിരുവനന്തപുരത്ത് മീറ്റിങ്ങിന് പോയിരിക്കയാണെങ്കിലും കാര്യം നടത്താന്‍ സംവിധാനങ്ങള്‍ ഉണ്ടെന്ന് നാട്ടുകാര്‍ അറിയുകയെങ്കിലും ചെയ്യുമല്ലോ.ഇരുപത് പതിനെട്ട് വര്‍ഷം എങ്കിലും ആയി ലോകത്തെവിടെ നിന്നും ഇ സിഗ്‌നേച്ചര്‍ ഇടാറുള്ള ആളെന്ന നിലക്ക് കുറച്ചു കാര്യങ്ങള്‍ പറയാം.

1. ഇപ്പോള്‍ നമ്മള്‍ ഇ-സിഗ്‌നേച്ചര്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ എന്നൊക്കെ മാറിമാറി പറയുന്നുണ്ടെങ്കിലും അവ തമ്മില്‍ സാങ്കേതികമായും നിയമപരമായും കുറച്ചു മാറ്റങ്ങള്‍ ഉണ്ട്.

2. ഇ സിഗ്‌നേച്ചര്‍ തന്നെ പല രീതിയില്‍ ഉണ്ട്. നമുക്ക് ഏറ്റവും പരിചയമുള്ളത് പോലെ ഒരു ഹാര്‍ഡ് കോപ്പിയില്‍ ഉള്ള ഡോക്യുമെന്റ് (അതായത് പ്രിന്റ് ചെയ്തത്) സ്‌കാന്‍ ചെയ്ത് ഒപ്പിടേണ്ട ആള്‍ക്ക് അയച്ചു കൊടുക്കുന്നു. അയാള്‍ അത് പ്രിന്റ് ചെയ്ത് ഒപ്പിട്ട് തിരിച്ചു സ്‌കാന്‍ ചെയ്ത് അയച്ചു കൊടുക്കുന്നു. ഇതാണ് ഏറ്റവും പഴഞ്ചന്‍ രീതി.

3. നമ്മള്‍ ഒരു ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ട് അത് സ്‌കാന്‍ ചെയ്ത് കമ്പ്യൂട്ടറില്‍ വച്ചാല്‍ പിന്നെ ഏതെങ്കിലും ഒരു വേര്‍ഡ് പ്രോസെസ്സറിങ്ങ് സോഫ്ട്‌വെയറില്‍ ഒരു ഡോക്യുമെന്റ് നമുക്ക് ലഭിച്ചാല്‍ അതില്‍ നമ്മുടെ സിഗ്‌നേച്ചര്‍ ഇന്‍സെര്‍ട്ട് ചെയ്യുന്നതാണ് രണ്ടാമത്തെ രീതി. ഇതും ഇപ്പോള്‍ അധികം ആരും ഉപയോഗിക്കാറില്ല.

4. നമുക്ക് ഒപ്പിടാനുള്ള ഡോക്യുമെന്റ് സ്‌കാന്‍ ചെയ്‌തോ അല്ലാതെയോ ഒരു പി ഡി എഫ് ആയി അയക്കുന്നു. നമ്മുടെ ഒപ്പ് മുന്‍കൂര്‍ പി ഡി എഫ് എഡിറ്ററില്‍ നമുക്ക് അപ്ലോഡ് ചെയ്തു വക്കാം. നമ്മള്‍ എവിടെയാണോ ഒപ്പിടേണ്ടത് അവിടെ ഒപ്പിടാന്‍ വേണ്ടി മാത്രം ഒരു പി ഡി എഫ് ഓപ്ഷന്‍ ഉണ്ട്. ഒറ്റ ക്ലിക്കില്‍ പണി കഴിയും. ഇതാണ് ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലുള്ള രീതി. ലോകത്തെവിടെയാണെങ്കിലും ഓരോ ദിവസവും പല പ്രാവശ്യം ഇത് ചെയ്യുന്നുണ്ട്.

5. ഇപ്പോള്‍ വെബ്ബിനാറുകളുടെ കാലമാണല്ലോ. ഓരോ വെബ്ബിനറിനും നൂറുമുതല്‍ ആയിരത്തിലധികം ആളുകള്‍ ഉണ്ടാകും. അവര്‍ക്ക് ഓരോരുത്തര്‍ക്കും കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ നമ്മള്‍ കുത്തിയിരുന്ന് ഒപ്പിടാന്‍ പോയാല്‍ അതിനേ സമയം ഉണ്ടാവൂ. ഇത്തരം അനവധി വെബ്ബിനാര്‍ പ്ലാറ്റുഫോമുകളില്‍ നമ്മുടെ ഒപ്പ് അപ്ലോഡ് ചെയ്യാനും ഒറ്റ ക്ലിക്കില്‍ നൂറോ ആയിരമോ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടാനും ഉള്ള സംവിധാനം ഉണ്ട്. ഓരോ വെബ്ബിനാര്‍ കഴിയുമ്പോഴും ഇതാണ് ചെയ്യുന്നത്.

5. ഈ മുന്‍പ് പറഞ്ഞതിലെല്ലാം നമുക്ക് പരിചയമുള്ള ‘ഒപ്പ്’ ഉണ്ട്. പക്ഷെ നമ്മുടെ അനുവാദം ഡിജിറ്റല്‍ ആയി ചെയ്യുന്ന മറ്റു സാഹചര്യങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് പണ്ടെനിക്ക് ഒരാഴ്ച അവധി വേണമെങ്കില്‍ അതൊരു ലീവ് ഫോമില്‍ ഒപ്പിട്ട് ബോസിന് നല്‍കുന്നു, അത് ബോസ് ഒപ്പിട്ട് എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കുന്നു, അതാണ് രീതി. ഇന്നിപ്പോള്‍ അതില്ല. സ്ഥാപനത്തിന്റെ ഹ്യൂമന്‍ റിസോഴ്‌സ് പോര്‍ട്ടലില്‍ പോയി അവധി വേണ്ട ദിവസങ്ങള്‍ തിരഞ്ഞെടുക്കുന്നു, ആരാണ് നമ്മുടെ അവധി അപ്പ്രൂവ് ചെയ്യേണ്ടത് എന്നത് സിസ്റ്റത്തില്‍ ഉണ്ട്. നമ്മള്‍ വേണ്ടത്ര വിവരം നല്കിക്കഴിഞ്ഞാല്‍ (അവധി ദിവസങ്ങള്‍, കാരണം, അവധിക്കാലത്തെ കോണ്‍ടാക്ട്) നമ്മള്‍ അത് ‘കണ്‍ഫേം’ ചെയ്യുന്നു. അത് നമ്മുടെ ഒപ്പായി അംഗീകരിച്ച് ആ ഫോം എന്റെ ബോസ്സിന്റെ ഇന്‍ബോക്‌സില്‍ എത്തുന്നു. ബോസ്സ് അതില്‍ ‘അപ്പ്രൂവ്’ എന്ന ബട്ടണില്‍ പ്രസ്സ് ചെയ്താല്‍ അത് എച്ച് ആര്‍ ഡിപ്പാര്‍ട്‌മെന്റില്‍ എത്തുന്നു. എന്റെ അവധിയുടെ രേഖയാകുന്നു, ആവശ്യമെങ്കില്‍ ശമ്പളത്തിന്റെ വകുപ്പിലേക്ക് സന്ദേശങ്ങള്‍ പോകുന്നു. ഇവിടെയൊക്കെ നമ്മുടെ ‘ഒപ്പുകള്‍’ ഉണ്ടെങ്കിലും അതിന് ഭൗതികമായ ഒരു ഫോം ഇല്ല.

6. ലീവ് പോലെ അത്ര കോണ്‍ഫിഡന്‍ഷ്യല്‍ അല്ലാത്ത കാര്യങ്ങള്‍ തൊട്ട് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്, സ്ഥാപനനാളുമായി പുതിയ എഗ്രിമെന്റുകള്‍ ഉണ്ടാക്കുന്നത്, കോടിക്കണക്കിന് രൂപ ഉള്‍പ്പെടുന്ന ബില്ലുകള്‍ അപ്പ്രൂവ് ചെയ്ത് പണം അവരുടെ അല്‍കൗണ്ടിലേക്ക് മാറ്റുന്നതുമൊക്കെ ഇക്കാലത്ത് ഇത്തരം ഡിജിറ്റല്‍ അപ്പ്രൂവല്‍ വഴിയാണ്. ഒപ്പിടുന്നത് നമ്മള്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ ഒന്നില്‍ കൂടുതല്‍ ഐ ഡി വെരിഫിക്കേഷന്‍ ഒക്കെ ഉണ്ട്. ഇ ബാങ്കിങ് ഒക്കെ ചെയ്യുന്നവര്‍ക്ക് ഇത് പരിചയം കാണും.

7. മുന്‍പ് പറഞ്ഞ ഓരോന്നിലും തട്ടിപ്പിന് ഉള്ള സാധ്യത ഉണ്ട്, അതില്‍ ഏറ്റവും സാധാരണഗതിയില്‍ സംഭവിക്കുന്നത് നമ്മുടെ ഇ സിഗ്‌നേച്ചര്‍ അല്ലെങ്കില്‍ പാസ്സ്വേര്‍ഡ് നമ്മള്‍ ആരെയെങ്കിലും വിശ്വസിച്ച് ഏല്‍പ്പിക്കുന്നു, അതവര്‍ ദുരുപയോഗം ചെയ്യുന്നു എന്നതാണ്. ഒരാളുടെ ഒപ്പ് കൃത്രിമമായി ഇട്ടാല്‍ അത് കണ്ടുപിടിക്കാന്‍ ഫോറെന്‍സിക്ക് ഉള്ളത് പോലെ ഒരാളുടെ ഒപ്പ് ഡിജിറ്റല്‍ ആയി കൃത്രിമമായി ഇട്ടാലും കണ്ടുപിടിക്കാന്‍ ഉള്ള ഡിജിറ്റല്‍ ഫോറെന്‍സിക്ക് ഒക്കെ ഉണ്ട്. പക്ഷെ നമ്മുടെ ഒപ്പും പാസ്സ്വേര്‍ഡും ഒന്നും ആര്‍ക്കും വിശ്വസിച്ച് ഏല്‍പ്പിക്കാതിരിക്കയാണ് ഭംഗി.

8. അതുപോലെ തന്നെ നമ്മുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തും ആളുകള്‍ക്ക് നമ്മുടെ ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ ഉപയോഗിക്കാം. ഇതുകൊണ്ട് തന്നെ ചില സ്ഥാപനങ്ങള്‍ അവരുടെ ഔദ്യോഗിക കമ്പ്യൂട്ടറുകളില്‍ നിന്നും മാത്രമേ ഇത്തരം രേഖകളോ അംഗീകാരങ്ങളൊ സ്വീകരിക്കുകയുള്ളൂ എന്നുള്ള നിബന്ധന വെക്കാറുണ്ട്. എന്നെപ്പോലെ സ്ഥിരമായി യാത്ര ചെയ്യുകയും ലോകത്തെവിടെ നിന്നും ജോലി ചെയ്യുകയും ചെയ്യേണ്ടി വരുന്നവര്‍ക്ക് ഹാക്കിങ്ങില്‍ നിന്നും പരമാവധി സുരക്ഷിതമായിരിക്കാന്‍ അനവധി നിര്‍ദ്ദേശങ്ങളും നിബന്ധനകളും ഉണ്ട്. അതിനെപ്പറ്റി മാത്രം മറ്റൊരിക്കല്‍ എഴുതാം. ഇവിടെയും ഹാക്കിങ്ങ് നടന്നാല്‍ കണ്ടെത്താന്‍ ഡിജിറ്റല്‍ ഫോറന്‍സിക് ഉണ്ട്. പക്ഷെ പരമാവധി സൂക്ഷിക്കുക തന്നെയാണ് നല്ലത്.

9. ലക്ഷക്കണക്കിന് ആളുകള്‍ വീട്ടില്‍ നിന്നും ജോലിയെടുക്കുന്ന കാലത്ത്, ഇനി ലോകത്തെവിടെ നിന്നും ആളുകള്‍ ജോലിയെടുക്കാന്‍ പോകുന്ന കാലത്ത് പേപ്പറില്‍ ഒപ്പിടുന്നതും, ഒപ്പിട്ട പേപ്പര്‍ സ്‌കാന്‍ ചെയ്ത് മറ്റൊരിടത്ത് അയച്ച് അവിടെ വീണ്ടും പ്രിന്റ് ചെയ്ത് ഒപ്പിട്ടു തിരിച്ചയക്കുന്ന രീതി ഒക്കെ മ്യൂസിയത്തില്‍ വക്കാന്‍ പോകുന്ന രീതികള്‍ ആണ്. അതിന്റെ കഥയും കാലവും കഴിഞ്ഞു. അതൊക്കെ ഇപ്പോഴും നാട്ടില്‍ ചര്‍ച്ചക്ക് വിധേയമാകുന്നു എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്.

10. മുഖ്യമന്ത്രിക്ക് അമേരിക്കയില്‍ ഇരുന്നു പോലും ഫയലുകളില്‍ ഒപ്പിടാം എന്ന് മലയാളികള്‍ക്ക് മനസ്സിലായ സ്ഥിതിക്ക് (മാധ്യമങ്ങള്‍ക്ക് നന്ദി), ഇനി സബ് രജിസ്ട്രാര്‍ സ്ഥലത്തില്ലെങ്കില്‍ വിവാഹം തടസ്സപ്പെടുന്നത് പോലുള്ള കലാപരിപാടികള്‍ ഉണ്ടാവില്ല എന്ന് നമുക്ക് ആഗ്രഹിക്കാം.

ഞാന്‍ മുന്‍പ് ഒരിക്കല്‍ പറഞ്ഞത് പോലെ ജനീവയിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ഞാന്‍ പോയിട്ട് പതിനഞ്ചു വര്‍ഷമായി. എനിക്കാവശ്യമുള്ളതൊക്കെ, ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ, ഇലക്ട്രോണിക്ക് ആയി കിട്ടുന്നുണ്ട്. ഇതൊക്കെ നടപ്പിലാക്കി കൊടുക്കുന്നത് ഒരു പക്ഷെ തിരുവനന്തപുരത്തോ കൊച്ചിയിലോ ഇരിക്കുന്ന നമ്മുടെ ഐ ടി കമ്പനികള്‍ ആയിരിക്കും. കേരളത്തിലും സര്‍ക്കാരില്‍ ഏറെ മാറ്റങ്ങള്‍ വരുന്നുണ്ട്, അക്ഷയ സെന്റര്‍ ഒക്കെ നല്ല കാര്യമാണ്. പക്ഷെ ഓഫീസര്‍ സ്ഥലത്തില്ലാത്തതിനാല്‍ കാര്യം നടക്കാത്ത സാഹചര്യം ഇപ്പോഴും സര്‍വ്വ സാധാരണം ആണ്. അത് മാറി നമ്മുടെ സര്‍ക്കാര്‍ ജോലിക്കാരും ലോകത്ത് എവിടെയാണെങ്കിലും അവിടെ നിന്നും കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന, ചെയ്യുന്ന, അതിന് അംഗീകാരം ഉള്ള, അതിനെപ്പറ്റി ചര്‍ച്ചയും വിവാദവും ഉണ്ടാവാത്ത കിനാശ്ശേരിയാണ് ഞാന്‍ സ്വപ്നം കാണുന്നത്.

മുരളി തുമ്മാരുകുടി

Exit mobile version