തൃശ്ശൂര്‍ കോതകുളം ബീച്ചില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

തൃശ്ശൂര്‍: തൃശശൂര്‍ ജില്ലയിലെ വലപ്പാട് കോതകുളം ബീച്ചിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. നാല്‍പത്തിയെട്ടു നാടന്‍ ഗുണ്ടുകളാണ് ഈ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്.

കോതകുളം ബീച്ചിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതായി പോലീസിന് രഹസ്യവിവരം കിട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 48 നാടന്‍ ഗുണ്ടുകള്‍ കണ്ടെടുത്തത്. പ്രാദേശികമായി നിര്‍മ്മിച്ചതാണിത്. മാരകായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരമുണ്ടായിരുന്നു. പക്ഷേ, ആയുധങ്ങള്‍ കിട്ടിയില്ല. സ്ഥിരമായി ഈ വീട്ടില്‍ തമ്പടിക്കുന്ന ഗുണ്ടാസംഘങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പോലീസ് എത്തുന്ന സമയത്ത് വീട്ടുവളപ്പില്‍ വാഹനങ്ങളുണ്ടായിരുന്നു.

പോലീസിനെ കണ്ട ഉടനെ ഇവര്‍ ഓടിരക്ഷപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ സ്‌ഫോടക വസ്തു നിയമപ്രകാരം പോലീസ് കേസെടുത്തു. ബോംബ് സ്‌ക്വാഡ് സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കും. കോതകുളം ബീച്ച് മേഖലയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോര്‍വിളിയും സംഘര്‍ഷവും പതിവാണ്. ഇതിന്റെ ഭാഗമായി നിര്‍മിച്ചതാകുമെന്നാണ് നിഗമനം.

Exit mobile version