രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കിയ വിധി നിയമപരമല്ല; തിരിച്ചു പിടിക്കും; പി ജെ ജോസഫ്

കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി നിയമപരമല്ലെന്ന് പിജെ ജോസഫ്. ഇത് സംബന്ധിച്ച കോടതി വിധി പരിഗണിക്കാതെയാണ് തീരുമാനം. നിയമപരമായി നേരിടുമെന്നും ചിഹ്നം തിരിച്ച് പിടിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു. ഇപ്പോഴത്തെ സന്തോഷം സങ്കടമായി മാറാന്‍ അധിക കാലം എടുക്കില്ലെന്ന മുന്നറിയിപ്പും പി ജെ ജോസഫ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കി.

ജോസ് പക്ഷത്തെ പുറത്താക്കാന്‍ യുഡിഎഫ് തീരുമാനിച്ചതാണ്. അക്കാര്യത്തില്‍ ഇനി ഒരു മാറ്റവും ഇല്ല. ജോസ് വിഭാഗത്തെ മുന്നണിയില്‍ തിരിച്ചെടുക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച് വിധി വരും മുന്‍പേ യുഡിഎഫ് യോഗം മാറ്റിയത് അറിയിച്ചിരുന്നു എന്നും പിജെ ജോസഫ് പറഞ്ഞു.

വിപ്പ് ലംഘനത്തിന് ജോസ് വിഭാഗത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും പിജെ ജോസഫ് പറഞ്ഞു. അതേസമയം, നിയമസഭാ രേഖയില്‍ റോഷി അഗസ്റ്റിനാണ് പാര്‍ട്ടി വിപ്പ്.ആ വിപ്പ് ലംഘിച്ചവര്‍ക്കെതിരേ നിയമപരമായ നടപടിയുണ്ടാകുമെന്ന് ജോസ് കെ മാണി പറഞ്ഞു.

രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ.മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍ എല്ലാവരും ആ കുടുംബത്തില്‍ തന്നെയുണ്ടാവേണ്ടതാണ്.ചിലര്‍ തെറ്റിദ്ധരിച്ച് മറുപക്ഷത്ത് പോയിട്ടുണ്ട്, എന്നാല്‍ തങ്ങള്‍ക്ക് ആരോടും ശത്രുതയില്ല. വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.

Exit mobile version