ഹൃദയത്തിന് ചികിത്സ തേടി എത്തി; പൂര്‍ണ്ണ ആരോഗ്യവാനായി ഓണസദ്യയും ഉണ്ട് ജിന്‍ പേ ലൈബീരിയയിലേയ്ക്ക്

ഹൃദയത്തിന് ചികിത്സ തേടിയെത്തിയ ജിന്‍ പേയും അമ്മയും സ്വദേശമായ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയിലേയ്ക്ക് മടങ്ങുന്നു. പൂര്‍ണ്ണ ആരോഗ്യവാനായാണ് ജിന്‍ പേയുടെ മടക്കം. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്നാണ് ഇവര്‍ കേരളത്തിലെത്തിയത്. അസുഖം മാറി, പൂര്‍ണആരോഗ്യവാനായി വരുന്ന വ്യാഴാഴ്ചയാണ് ഇവരുടെ നാട്ടിലേയ്ക്ക് തിരിക്കുക.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ നിന്ന് രണ്ടര വയസുള്ള മകന്‍ ജിന്‍ പേയുമായി ജെന്നെ മാര്‍ച്ച് രണ്ടിനാണ് ഇന്ത്യയിലെത്തിയത്. ജിന്നിന്റെ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു പതിനായിരം കിലോമീറ്റര്‍ താണ്ടിയുള്ള ഈ യാത്ര.

എറണാകുളം ലിസി ആശുപത്രിയിലെത്തി അയോട്ടാ പള്‍മണറി വിന്‍ഡോയില്‍ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് വളരെ വേഗം ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായെങ്കിലും ലോക്ക്ഡൗണ്‍ കാരണം ജിന്‍ പേയ്ക്കും അമ്മയ്ക്കും തിരികെ പോകാനായില്ല.

ഏകദേശം ആറുമാസക്കാലത്തെ ആശുപത്രിവാസം കൊണ്ട് പാതി മലയാളികളായി മാറിയ ജിന്‍ പേയും അമ്മ ജെന്നെയുമാണ് ലിസി ആശുപത്രി അധികൃതര്‍ ഒരുക്കിയ ഓണസദ്യയും കഴിച്ചാണ് ഇവര്‍ നാട്ടിലേയ്ക്ക് തിരിക്കുക. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തിലായിരുന്നു ഓണസദ്യ ഒരുക്കിയത്. ഡോക്ടര്‍മാരും മറ്റു സ്റ്റാഫ് അംഗങ്ങളും ജിന്‍ പേയ്‌ക്കൊപ്പം സദ്യയുണ്ടു. കൊച്ചിയില്‍ നിന്ന് മുംബൈയിലെത്തി അവിടെ നിന്ന് ലൈബീരിയയിലേക്ക് തിരിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

Exit mobile version