വിദേശ നിര്‍മ്മിത വിദേശ മദ്യം; ഇനി ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും

വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പനയിലൂടെ ബിവറേജസ് കോര്‍പ്പറേഷനു മാത്രം 60 കോടിരൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക്. നികുതി വരുമാനത്തിലൂടെ വലിയൊരു തുക സര്‍ക്കാര്‍ ഖജനാവിലുമെത്തും

തിരുവനന്തപുരം: വിദേശ മദ്യവും വൈനും ബാറുകള്‍ വഴിയും ബീയര്‍ പാര്‍ലറുകള്‍ വഴിയും വില്‍പ്പന നടത്താന്‍ സര്‍ക്കാരിന്റെ അനുമതി. നേരത്തേ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റ് വഴി വിദേശനിര്‍മിത വിദേശ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വില്‍പന ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയത്.

ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പനയിലൂടെ ബിവറേജസ് കോര്‍പ്പറേഷനു മാത്രം 60 കോടിരൂപ വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക്. നികുതി വരുമാനത്തിലൂടെ വലിയൊരു തുക സര്‍ക്കാര്‍ ഖജനാവിലുമെത്തും.

2018 – 19 ലെ ബജറ്റ് നിര്‍ദേശം അനുസരിച്ച് വിദേശനിര്‍മിത വിദേശ മദ്യം ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാരിന്റെ ഇ ടെണ്ടര്‍ പോര്‍ട്ടല്‍ വഴി മദ്യ കമ്പനികളില്‍നിന്നും ഡീലര്‍മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചത് ഫെബ്രുവരി 28 നാണ്. പരിശോധനകള്‍ക്കുശേഷം 17 സ്ഥാപനങ്ങള്‍ക്ക് വിദേശനിര്‍മിത വിദേശ മദ്യവും വൈനും ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി.
227 ഇനം മദ്യമാണ് ഇറക്കുമതി ചെയ്യുന്നത്. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ വില്‍പ്പന ബിവറേിജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളില്‍ ആരംഭിച്ചിട്ടുണ്ട്.

Exit mobile version