സെക്രട്ടേറിയറ്റ് തീപ്പിടുത്തം; ഭാഗികമായി കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപ്പിടുത്തത്തില്‍ ഫയലുകളുടെ പരിശോധന നടത്തി വരികയാണ്. ഇപ്പോള്‍ തീപ്പിടുത്തതില്‍ ഭാഗികമായി കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് വെയ്ക്കാനാണ് തീരുമാനം. തീപ്പിടുത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ മുഴുവന്‍ ഫയലുകളും പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പരിശോധന പൂര്‍ത്തിയാക്കുന്ന ഫയലുകള്‍ സ്ട്രോങ് റൂമിലേക്ക് മാറ്റും. ഈ നടപടികള്‍ എല്ലാം ക്യാമറയില്‍ ഷൂട്ട് ചെയ്ത് വെയ്ക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള ആരോപണങ്ങള്‍ പിന്നീട് ഉയരാതിരിക്കാനാണ് ഈ നടപടിയെന്നും വ്യക്തമാക്കുന്നു. അതേസമയം, പരിശോധന പൂര്‍ത്തിയാകാതെ പുതിയ ഫയലുകള്‍ ഇവിടേയ്ക്ക് കൊണ്ടുവരില്ല.

അതേസമയം തീപ്പിടുത്തത്തിന് കാരണം ഫാനിന്റെ തകരാറാണെന്നാണ് നിഗമനം. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ഫാനിന്റെ തകരാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഫയലുകളുടെ പ്രാഥമിക പരിശോധനയില്‍ പ്രധാനപ്പെട്ടവയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘങ്ങള്‍.

Exit mobile version