സെക്രട്ടേറിയേറ്റിലുണ്ടായ തീപിടുത്തം; നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലുണ്ടായ തീപിടുത്തം നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്രട്ടേറിയേറ്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി

തീപിടിത്തം നിഷ്പക്ഷമായി അന്വേഷിക്കും, ഒന്നും മറച്ചുവയ്ക്കാനില്ല. ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയ അജന്‍ഡയില്ല. ജോലിചെയ്യാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിനുള്ളില്‍ രാഷ്ട്രീയപ്രസംഗവും സമരവും അനുവദിക്കില്ല. അതിനാല്‍ പുറത്തുപോകണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

തീപിടിത്തം അറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി നേതാക്കള്‍ സെക്രട്ടറിയേറ്റിലേക്ക് കയറാന്‍ ശ്രമിച്ചു. പ്രതിഷേധിച്ച ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇന്ന് വൈകുന്നേരത്തോടെയാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പ് ഓഫീസില്‍ തീപിടിത്തമുണ്ടായത്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്. കമ്പ്യൂട്ടറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം.

അതേസമയം തീപിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തീപിടുത്തം ഉണ്ടായ പ്രോട്ടോക്കോള്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഗസ്റ്റ്ഹൗസുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നും പ്രോട്ടോക്കോള്‍ വിഭാഗം അറിയിച്ചു.

ഗസ്റ്റ്ഹൗസുകളിലെ റൂമുകള്‍ ബുക്ക് ചെയ്യുന്നതിന്റെ ഫയലുകളാണ് നശിച്ചത് മറ്റൊന്നും നശിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എ രാജീവന്‍ പറഞ്ഞു. സുപ്രധാനമായ ഒരു ഫയലും നശിച്ചില്ല. റൂം ബുക്കിംഗുമായി ബന്ധപ്പെട്ടുള്ള ഒരു റാക്കിലെ ഫയല്‍ മാത്രമാണ് നശിച്ചതെന്ന് അഡീഷണല്‍ സെക്രട്ടറി പി ഹണിയും പറഞ്ഞു.

Exit mobile version