തെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കുന്നത് ഉത്തമം, അല്ലാത്തപക്ഷം കൊവിഡ് അതിരൂക്ഷമായേക്കും; മുന്നറിയിപ്പുമായി ഐഎംഎ

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. തെരഞ്ഞെടുപ്പ് നടത്തുന്നത് രോഗവ്യാപനം കൂട്ടുമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി ഐഎംഎ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതാകും നല്ലതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് കൊവിഡ് അതി രൂക്ഷമായ സാഹചര്യമാണെന്നും അതീവ ജാഗ്രതയും കര്‍ശന നടപടികളും വേണമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണമെന്നും ഐഎംഎ നിര്‍ദ്ദേശിക്കുന്നു. സെന്റിനല്‍ സര്‍വേ, എപിഡേമിയോളജിക്കല്‍ സര്‍വേകളും കൂടുതലായി ചെയ്യണം. പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ എന്ന പേരില്‍ അശാസ്ത്രീയമായ ചികിത്സ പ്രോത്സാഹിപ്പിക്കരുതെന്നും ഐഎംഎ നിര്‍ദ്ദേശം നല്‍കി.

വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികളെ കൃത്യമായി നിരീക്ഷിക്കണം. രോഗവ്യാപനത്തിന് സഹചര്യം ഉണ്ടാകരുത്. ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങളിലെ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് വേതനം ഉറപ്പാക്കണം. സര്‍ക്കാര്‍ ഏറ്റെടുത്ത് കൊവിഡ് ആശുപത്രി ആക്കിയ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് അഞ്ച് മാസമായി വേതനം കിട്ടിയിട്ടില്ല. ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.

Exit mobile version