മനുഷ്യാവകാശങ്ങള്‍ കുപ്പിയില്‍ 20 ഭാഷകളില്‍ എഴുതി; റെക്കോര്‍ഡ് നേട്ടത്തില്‍ തൃശ്ശൂര്‍കാരി അഞ്ജലി

തൃശ്ശൂര്‍: ചില്ലുകുപ്പിയില്‍ 20 ഭാഷകളില്‍ മനുഷ്യാവകാശ നിയമം എഴുതി കോളേജ് വിദ്യാര്‍ത്ഥിക്ക് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്. തൃശ്ശൂര്‍ മണ്ണുത്തി പട്ടാളക്കുന്ന് കടപ്പൂര്‍ വീട്ടില്‍ പരേതനായ ജോസഫിന്റെയും ആനിയുടെയും മകള്‍ അഞ്ജലിയാണ് റെക്കോര്‍ഡ് നേട്ടമിട്ടത്. ഐക്യരാഷ്ട്രസഭയുടെ ആര്‍ട്ടിക്കിള്‍ ഒന്ന് മനുഷ്യാവകാശ നിയമങ്ങള്‍ ഒരു ചില്ലുകുപ്പിയില്‍ എഴുതിയതാണ് അഞ്ജലിയ്ക്ക് നേട്ടത്തിന് വഴിവെച്ചത്.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യസ്‌നേഹത്തിന്റെ സമര്‍പ്പണമായിട്ടാണ് വിവിധ ഭാഷകളില്‍ മനുഷ്യാവകാശവാചകം എഴുതിയതെന്ന് അഞ്ജലി പ്രതികരിക്കുന്നു. ആദ്യം ഒരു കുപ്പി വൃത്തിയായി പെയിന്റ് ചെയ്തു. അതിനുമേലാണ് ആര്‍ട്ടിക്കിള്‍ എഴുതിയത്. ചിത്രം വരയ്ക്കാനും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ മാത്രം അറിയാവുന്ന അഞ്ജലി ഒരുമാസത്തെ പരിശ്രമംകൊണ്ടാണ് ഇരുപത് ഭാഷകളില്‍ വാചകം പഠിച്ച് എഴുതിയത്.

അസമീസ്, സംസ്‌കൃതം, ഗുജറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, മറാത്തി, നേപ്പാളി, സിന്ധി, മണിപ്പുരി, ഒറിയ, കശ്മീരി, സാന്തലി, തെലുങ്ക്, തമിഴ്, ഉറുദു, മൈഥിലി എന്നീ ഭാഷകളിലാണ് അഞ്ജലി ആര്‍ട്ടിക്കിള്‍ എഴുതിയത്. തൃശ്ശൂര്‍ സെയ്ന്റ് മേരീസ് കോളേജിലെ മള്‍ട്ടിമീഡിയ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ലിപി അനുസരിച്ച് വിവര്‍ത്തനം നടത്തിയാണ് മറ്റുഭാഷകള്‍ സ്വന്തമാക്കിയത്.

Exit mobile version