സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച ദിവസം; ആകെ മരണം 218 ആയി; ആശങ്കയില്‍ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് ദിനംപ്രതി ഉയരുകയാണ്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് 15 മരണങ്ങളാണ് സംസ്ഥാനത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 218 ആയി.

തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന്‍ പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന്‍ (54), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന്‍ ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന്‍ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന്‍ (63) എന്നിവരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 2172 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Exit mobile version