ഓണക്കാലത്ത് വ്യാജമദ്യ മാഫിയകള്‍ സജീവമാകാനുള്ള സാധ്യത കൂടുതല്‍; എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി എക്‌സൈസ്

തിരുവനന്തപുരം: ഓണക്കാലത്ത് എക്‌സൈസ് വകുപ്പിന്റെ മുഴുവന്‍ അംഗബലവും ഉപയോഗിച്ച് ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. ഓണക്കാലത്ത് വ്യാജമദ്യ മാഫിയകള്‍ സജീവമാകാനുള്ള സാധ്യത കൂടുതലാണ്. അതിശക്തമായ ജാഗ്രതയാണ് സംസ്ഥാനത്ത് എക്‌സൈസ് വകുപ്പ് പുലര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ നാലായിരത്തോളം ലിറ്റര്‍ സ്പിരിറ്റാണ് സംസ്ഥാനത്ത് പിടികൂടിയത്. വ്യജമദ്യമാഫിയയയെ വേരോടെ പിഴുതെറിയുകയെന്നത് തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം . ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വ്യാജമദ്യ നിര്‍മ്മാണം, അനധികൃത മദ്യക്കടത്ത്, ലഹരിക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് സെപ്റ്റംബര്‍ അഞ്ചു വരെ നീണ്ടു നില്‍ക്കുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്.

സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ വിലയിരുത്തി. ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കി എന്നും മന്ത്രി അറിയിച്ചു.

Exit mobile version