സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം അമ്പതിനായിരം കടന്നു; ഇതുവരെ മരിച്ചത് 182 പേര്‍; 32,611 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കൊവിഡ് വ്യാപന ഭീതിയില്‍ സംസ്ഥാനം. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അമ്പതിനായിരം കടന്നു. 50,175 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 32,611 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്ത് മികച്ച രോഗമുക്തി നിരക്കാണ് ഉള്ളത്. 17,382 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ഇതുവരെ 182 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ഇന്ന് 2333 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 540 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കരോഗികളുടെ എണ്ണവും ഉയര്‍ന്ന് വരികയാണ്. 2151 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 519 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 297 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 214 പേര്‍ക്കും, കോട്ടയം ജില്ലയിലെ 198 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 154 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 122 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 89 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 78 പേര്‍ക്കും, കൊല്ലം ജില്ലയിലെ 74 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 55 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 38 പേര്‍ക്കും, വയനാട് ജില്ലയിലെ 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 7, മലപ്പുറം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,687 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version