ജീവനക്കാരിക്ക് കൊവിഡ്; വെങ്ങോല പഞ്ചായത്ത് ഓഫീസ് അടച്ചു

കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്ത് ഓഫീസ് അടച്ചു. ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസ് അടച്ചത്. പഞ്ചായത്ത് ഓഫീസ് പ്യൂണിനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഒരു അറിയിപ്പുണ്ടാകുന്നത് വരെ പഞ്ചായത്ത് ഓഫീസ് തുറക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്വാതി റെജികുമാര്‍ അറിയിച്ചു.

ഈ മാസം ആറാം തിയതിയാണ് ജീവനക്കാരിക്ക് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതേ തുടര്‍ന്ന് ഇവര്‍ അവധിയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വെങ്ങോല പ്രദേശത്ത് 20 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം ശക്തമാവുകയാണ്. എറണാകുളത്ത് ഇന്ന് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകാര സദാനന്ദന്‍(57), മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയില്‍ വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്. സദാനന്ദന്‍ ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. വൃന്ദ അര്‍ബുദബാധിതയായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചു.

ഇതോടെ, സംസ്ഥാനത്ത് ഇന്ന് കൊവിഡ് ചികിത്സയിലിക്കെ മരിച്ചവരുടെ എണ്ണം നാലായി. വടകര റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി ഷാഹിന്‍ ബാബുവും മാവൂര്‍ സ്വദേശിയായ സുലുവുമാണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റ് രണ്ട് പേര്‍. നാല് ദിവസം മുമ്പാണ് ഷാഹിന്‍ ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്. സുലു അര്‍ബുദ രോഗിയായിരുന്നു.

Exit mobile version