സംസ്ഥാനത്ത് ബാങ്കുകളില്‍ ഇന്നുമുതല്‍ സന്ദര്‍ശിക്കുന്നതിന് സമയക്രമീകരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ സന്ദര്‍ശിക്കുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തി. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വായ്പയ്ക്കും മറ്റു ഇടപാടുകള്‍ക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.

സേവിങ്സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചത്. അക്കൗണ്ട് നമ്പര്‍ പൂജ്യംമുതല്‍ മൂന്നുവരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ രാവിലെ 10-നും 12-നും ഇടയ്ക്കുമാത്രമേ ബാങ്കുകളില്‍ എത്താവൂ എന്നാണ് റിപ്പോര്‍ട്ട്.

നാലുമുതല്‍ ഏഴുവരെ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെയും എട്ടിലും ഒമ്പതിലും അവസാനിക്കുന്നവര്‍ക്ക് രണ്ടരമുതല്‍ മൂന്നരവരെയും ബാങ്കുകളില്‍ എത്താം. സെപ്റ്റംബര്‍ അഞ്ചുവരെ നിയന്ത്രണം ബാധകമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലാതല ദുരന്തനിവാരണ അതോറിറ്റികളുടെ നിര്‍ദേശപ്രകാരം ചില മേഖലകളില്‍ സമയക്രമീകരണത്തില്‍ വീണ്ടും മാറ്റംവരാം. പുതുക്കിയ സമയക്രമം അതത് ശാഖകളില്‍ പ്രദര്‍ശിപ്പിക്കും.

Exit mobile version