മലപ്പുറം കളക്ടര്‍ക്ക് കൊവിഡ്; സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ എന്നിവര്‍ക്കും രോഗം; ആശങ്കയില്‍ മലപ്പുറം

മലപ്പുറം: മലപ്പുറത്ത് കൊവിഡ് രോഗവ്യാപനം ശക്തമാകുന്നു. കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കൊവിഡ് പോസിറ്റീവായത്. കളക്ടറെ കൂടാതെ സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതു കൂടാതെ ജില്ലാ കളക്ട്രേറ്റിലെ 20 ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുള്‍ കരീമിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അബുദള്‍ കരീമിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. എസ്പിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന കളക്ടര്‍ അടക്കമുള്ളവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുന്നൂറിലേറെ കൊവിഡ് കേസുകളാണ് മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലപ്പുറം ജില്ലയില്‍ ഇന്നലെ 202 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 158 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിടം വ്യക്തമായിരുന്നില്ല. ഇതിനിടയിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ കളക്ടറും പോലീസ് മേധാവിയും സബ് കളക്ടറും അടക്കമുള്ളവര്‍ കൊവിഡ് പോസീറ്റീവായി ക്വാറന്റൈനിലാവുന്നത്.

Exit mobile version