‘എന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോകുന്നു, മുങ്ങി’ കുറിപ്പെഴുതി വെച്ച് ‘മുങ്ങിയ’ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ‘എന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോകുന്നു, മുങ്ങി’ എന്ന കുറിപ്പ് എഴുതിവെച്ച് കടന്നു കളഞ്ഞ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. മങ്ങാട്ടുകടവില്‍ പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പേയാട് കാക്കുള്ളം റോഡ് ശിവകൃപയില്‍ ആരോഗ്യ ഡയറക്ടറേറ്റിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാറി(54)നെയാണ് കഴിഞ്ഞദിവസം കാണാതായത്.

കരമനയാറ്റിലെ നീലച്ചല്‍ കടവില്‍ കൃഷ്ണകുമാറിന്റെ ചെരുപ്പുകള്‍ കണ്ടെത്തിയിതിനെത്തുടര്‍ന്ന് അവിടെ പോലീസും അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ സംഘവും ഞായറാഴ്ച ഉച്ചയോടെ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനു പുറമെ, കനത്ത മഴയും നീരൊഴുക്കുമായതിനാല്‍ വൈകുന്നേരം തെരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

വീടിനുള്ളില്‍ നിന്നുമാണ് കുറിപ്പ് കണ്ടെടുത്തത്. എന്നാല്‍ ഇദ്ദേഹത്തിനു രോഗം സ്ഥിരീകരിച്ചിരുന്നില്ല. കൃഷ്ണകുമാറിന്റെ സഹപ്രവര്‍ത്തകന്റെ അച്ഛന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, സഹപ്രവര്‍ത്തകനു നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഇദ്ദേഹത്തിനു രോഗം സ്ഥിരീകരിക്കാത്തതിനാല്‍ കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസമായി കൃഷ്ണകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Exit mobile version