സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; ഇന്ന് മരിച്ചവരുടെ എണ്ണം ആറായി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറനല്ലൂര്‍ സ്വദേശി ജമാ ആണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ന്യുമോണിയ, പ്രമേഹവും ഉണ്ടായിരുന്നു.

അന്തിമ ഫലം വരാത്തതിനാല്‍ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാലക്കാട് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. വിളയൂര്‍ സ്വദേശി പാത്തുമ്മ 76) ആണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി.

നേരത്തെ മലപ്പുറം,എറണാകുളം, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളും കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. എന്നാല്‍ ഇവരുടെ മരണവും കൊവിഡ് മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂരില്‍ കൂത്തുപറമ്പ് സ്വദേശി സിസി രാഘവനാണ് മരിച്ചത്. 71 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മലപ്പുറം പള്ളിക്കല്‍ സ്വദേശി നഫീസയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്.ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് ബന്ധുക്കള്‍ കൊവിഡ് ചികിത്സയിലാണ്. എറണാകുളത്ത് പള്ളുരുത്തി സ്വദേശി ചെറുപറമ്പ് ഗോപിയാണ് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇദേഹം കരള്‍, വൃക്ക രോഗബാധിതന്‍ ആയിരുന്നു.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴയിലെ എന്‍ഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലും ഇന്നൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി അബൂബക്കറാണ് മരിച്ചത്.

Exit mobile version