വെള്ളം ശേഖരിക്കാന്‍ ഡാമുകള്‍ക്ക് ശേഷിയുണ്ട്, നിലവിലെ സാഹചര്യത്തില്‍ പ്രളയത്തിനുള്ള സാധ്യത കുറവ്; ജലകമ്മീഷന്‍

കൊച്ചി: സംസ്ഥാനത്ത് മഴ കനത്തുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ പ്രളയത്തിനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ജലകമ്മിഷന്‍. അതിതീവ്ര മഴയില്‍ കേരളത്തിലെ നദികളില്‍ ജലനിരപ്പ് ഉയരും. എന്നാല്‍ ഡാമുകള്‍ക്ക് വെള്ളം ശേഖരിക്കാന്‍ ശേഷിയുണ്ടെന്നും ഡാമുകള്‍ നിറഞ്ഞു കവിയുന്ന നിലയില്ലെന്നും ജല കമ്മിഷന്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്ന് വയനാടും ഇടുക്കിയിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്ത് നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറന്നു. ഇടുക്കി കല്ലാര്‍ക്കുട്ടി അണക്കെട്ടിന്റെയും ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെയും എല്ലാ ഷട്ടറുകളും തുറക്കും. പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളിലും,ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴ ഉള്ളതിനാല്‍ മൂഴിയാര്‍ അണക്കെട്ട് തുറന്നു.

ഇടുക്കി പൊന്‍മുടി ഡാം ഷട്ടര്‍ നാളെ തുറക്കും. പൊന്‍മുടി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ നാളെ രാവിലെ 10ന് 30 സെ.മീ വീതം ഉയര്‍ത്തി 65 ക്യുമെക്സ് വെള്ളം പന്നിയാര്‍ പുഴയിലേക്ക് തുറന്നു വിടും. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

Exit mobile version