യുഎഇയില്‍ കുടുങ്ങിയ 61 പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ വിമാന ടിക്കറ്റ് നല്‍കി ടിഎന്‍ കൃഷ്ണകുമാര്‍; ഈ നന്മ നിറഞ്ഞ പ്രവര്‍ത്തി അകാലത്തില്‍ പൊലിഞ്ഞ മകന്റെ ഓര്‍മ്മയ്ക്കായി

ദുബായ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങിയ 61 പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ വിമാന ടിക്കറ്റ് എടുത്ത് നല്‍കി തൊടുപുഴ താഴത്തുപാറയ്ക്കാട്ട് ടിഎന്‍ കൃഷ്ണകുമാര്‍. അകാലത്തില്‍ പൊലിഞ്ഞ് പോയ തന്റെ മകന്റെ ഓര്‍മ്മയ്ക്കായാണ് ഈ നന്മ നിറഞ്ഞ പ്രവര്‍ത്തി. അക്കാഫ് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ 61 പേര്‍ക്ക് മടങ്ങാനുള്ള ടിക്കറ്റ് തുക കൃഷ്ണകുമാര്‍ നല്‍കിയത്.

ജോലി നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാന്‍ ഒരു നിവൃത്തിയുമില്ലാത്തവരായിരുന്നു മടങ്ങിയത്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടറായ കൃഷ്ണകുമാര്‍ 30 ലേറെ വര്‍ഷമായി ദുബായിയില്‍ പ്രവര്‍ത്തിക്കുകയാണ്. സേവനപ്രവര്‍ത്തനങ്ങളില്‍ അതീവ തത്പരനായിരുന്ന മകന്റെ ഓര്‍മ നിലനില്‍ക്കാന്‍ അതേ പാത സ്വീകരിക്കുകയാണ് ഈ അച്ഛനും.

കഴിഞ്ഞ ക്രിസ്മസ് കാലത്താണ് അദ്ദേഹത്തിന്റെ ഇളയമകന്‍ രോഹിത്തും (19) സുഹൃത്ത് ശരതും (21) ദുബായിയില്‍ കാര്‍ മരത്തിലിടിച്ച് മരിക്കുന്നത്. യുകെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു രോഹിത്. അവധിയാഘോഷിക്കാന്‍ ദുബായിലെത്തിയപ്പോഴാണ് അപകടം. ജീവിതം ഇനിയെങ്ങനെ മുന്നോട്ട് നീങ്ങുമെന്ന തീരാദുഖത്തിനിടെയാണ് സന്നദ്ധ സേവനപ്രവര്‍ത്തനം തുടരാന്‍തന്നെ തീരുമാനിക്കുന്നത്.

Exit mobile version