അടൂര്‍ ഭാസി ഒരാളെ വേദനിപ്പിച്ച് കോമഡി ചെയ്യുന്ന വ്യക്തി; ഷീല

ആ കാലത്ത് മീ ടൂ ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് സ്ത്രീകള്‍ അയാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നേനെയെന്നും ഷീല ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലും മീ ടൂ ആരോപണങ്ങള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. മുന്‍കാല നായികമാര്‍ അധികവും ആരോപിക്കുന്നത് അടൂര്‍ ഭാസിയുടെ പേരാണ്. കെ പി എ സി ലളിതയാണ് അടൂര്‍ ഭാസികെതിരെ ആദ്യം രംഗത്തെത്തിയത്. ഇപ്പോള്‍ മുതിര്‍ന്ന നടി ഷീലയാണ് അടൂരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആ കാലത്ത് മീ ടൂ ഉണ്ടായിരുന്നെങ്കില്‍ ഒരുപാട് സ്ത്രീകള്‍ അയാള്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നേനെയെന്നും ഷീല ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നു എന്നും കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്ന് ഷീല പറയുന്നു.

അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ വേഷം നല്‍കിയില്ല എന്ന കാരണത്താലാണ് ഇത്തരം ഒരു പ്രചരണം നടത്തിയത്. അടൂര്‍ഭാസിയുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം ഒരാളെയും വേദനിപ്പിക്കരുത്. അടൂര്‍ ഭാസി ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്. ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നതും. അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ എന്ന് ഷീല തുറന്ന് പറഞ്ഞു.

അടൂര്‍ ഭാസി ഒരു ക്രൂരനായിരുന്നുവെന്നാണ് ആരോപണം.ലളിതയെ അടൂര്‍ഭാസി വേട്ടയാടുന്ന കാലത്ത് ലളിത സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നേയുള്ളൂ. ഭാസിയാകട്ടെ മുന്‍നിര താരവും. ഭാസിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ട് താന്‍ ഒട്ടനേകം സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെടുകയും അന്ന് ഉണ്ടായിരുന്ന സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ പരാതിപ്പെട്ടിട്ടും അതിന്റെ നേതൃത്വം പരാതി തള്ളിക്കളയുകയായിരുന്നുവെന്നും ലളിത ആരോപിക്കുന്നുണ്ട്. അന്നത്തെ സൂപ്പര്‍താരങ്ങളായ നസീര്‍, ഉമ്മര്‍ എന്നിവര്‍പോലും അടൂര്‍ ഭാസിക്കെതിരേ ശബ്ദിക്കാന്‍ ധൈര്യപ്പെട്ടില്ലെന്നു കൂടി ലളിത പറയുന്നുണ്ട്.

Exit mobile version