കൊവിഡ് വ്യാപനം രൂക്ഷമെങ്കിലും തലസ്ഥാന നഗരം പൂര്‍ണ്ണമായും അടച്ചിടുന്നത് തുടരില്ല; വ്യക്തമാക്കി മേയര്‍ കെ ശ്രീകുമാര്‍

തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യം ആണെങ്കിലും പൂര്‍ണ്ണമയും അടച്ചിടുന്നത് തുടരില്ലെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍. അതേസമയം, ലോക്ഡൗണ്‍ അവസാനിച്ചാല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുമെന്ന് മേയര്‍ അറിയിച്ചു.

മേയറുടെ വാക്കുകള്‍;

നഗരം ഒട്ടാകെ അടച്ചിടുന്ന സാഹചര്യത്തിലേക്ക് ഇനിയും കടക്കേണ്ട സാഹചര്യമില്ല. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് നിലനില്‍ക്കും. ബാക്കി സ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോവുകയാണ്. ആള്‍ക്കൂട്ടം ഒഴിവാക്കുക, സമൂഹവ്യാപനം ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോവുക എന്ന സമീപനമാണ് നഗരസഭ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത് .

രോഗവ്യാപനം ഇല്ലാത്ത സ്ഥലങ്ങളില്‍ നിലവില്‍ അനുവദനീയമായ കടകള്‍ക്ക് പുറമേ ഏതൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം, ഏതൊക്കെ ഓഫീസുകള്‍ തുറക്കാം, സമയക്രമീകരണം തുടങ്ങിയവ ജില്ലാ ഭരണകൂടം നിശ്ചയിക്കും. ഹോട്ടലുകള്‍ തുറക്കുന്നതിലും പൊതുഗതാഗതത്തിനും സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രധാനമാണ്. ഇതു സംബന്ധിച്ച അറിയിപ്പുകള്‍ വരും ദിവസങ്ങളില്‍ പുറത്തിറക്കും.

Exit mobile version