വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു; നാല് വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; ലംഘിച്ചാല്‍ കര്‍ശന നടപടി

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. സമ്പര്‍ക്ക രോഗവ്യാപനം ഒഴിവാക്കുന്നതിനായിട്ടാണ് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചതെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.

കൂടാതെ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ 1, 2, 4, 17 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജൂലൈ 24 രാവിലെ 06:00 മണി മുതല്‍ 7 ദിവസത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ആശുപത്രികളും പെട്രോള്‍ പമ്പുകളും, പാചകവാതക വിതരണ ഏജന്‍സികളും മെഡിക്കല്‍ ഷോപ്പുകളും അവശ്യ സര്‍വ്വീസിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.

വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ വീടിനു പുറത്തിറങ്ങാന്‍ പാടില്ല. മെഡിക്കല്‍ അത്യാവശ്യങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനുമല്ലാതെ പ്രസ്തുത വാര്‍ഡുകള്‍ക്ക് അകത്തേക്കോ പുറത്തേക്കോ സഞ്ചാരം അനുവദിക്കുന്നതല്ല. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും മില്‍ക്ക് ബൂത്തുകള്‍ക്കും രാവിലെ 07:00 മുതല്‍ ഉച്ചക്ക് 01:00 മണി വരെ പ്രവര്‍ത്തിക്കാം.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലയില്‍ കൂടി കടന്നുപോകുന്ന ദീര്‍ഘദൂരവാഹനങ്ങള്‍ ടി പ്രദേശത്ത് നിര്‍ത്തുവാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.മേല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിര കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.

ഇടുക്കിയില്‍ 27 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇടുക്കിയില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചയാള്‍ ജില്ലയിലെത്തിയത് കാട്ടുപാത വഴി നടന്നാണ് എന്നതും ജില്ലയില്‍ കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്..

Exit mobile version