തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ്; ആശങ്ക

കോഴിക്കോട്: കോഴിക്കോടും സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്ക് കൊവിഡ്. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരീക്ഷ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‌ദേശിച്ചു.

തിരുവനന്തപുരത്ത് കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കരമനയിലെ സെന്ററില്‍ പരീക്ഷയെഴുതിയ കരകുളം സ്വദേശിയായ കുട്ടി നിരീക്ഷണത്തിലായിരുന്നതിനാല്‍ പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറിയിലാണ് പരീക്ഷയെഴുതിയത്.

തൈക്കാട് സെന്ററില്‍ ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയോടൊപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കും.

ഇതിന് പുറമേ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ കോട്ടണ്‍ ഹില്‍ സ്‌കൂളിലാണ് കുട്ടിയെയും കൊണ്ട് എത്തിയത്. പരീക്ഷ തീരുന്നതു വരെ ഇയാള്‍ സ്‌കൂള് പരിസരത്ത് ഉണ്ടായിരുന്നു. പ്രവേശനപ്പരീക്ഷയ്ക്ക് സ്‌കൂളില്‍ എത്തിയവര്‍ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

Exit mobile version