കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; പോത്തീസ്, രാമചന്ദ്രാസ് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തിരുവനന്തപുരം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളായ പോത്തീസ് ,രാമചന്ദ്രാസ് എന്നിവയുടെ ലൈസന്‍സ് റദ്ദാക്കിയെന്ന് തിരുവനന്തപുരം മേയര്‍ ശ്രീകുമാര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടി.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇരു സ്ഥാപനങ്ങളും അവ നിരന്തരം ലംഘിക്കുകയായിരുന്നുവെന്ന് മേയര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് നടപടി എന്നും മേയര്‍ അറിയിച്ചു. നേരത്തെ നടത്തിയ പരിശോധനയില്‍ രാമചന്ദ്രന്‍സിലെ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെല്ലാം തന്നെ നഗരത്തിലെ സാഹചര്യം സങ്കീര്‍ണ്ണമാക്കുന്നതില്‍ പങ്കു വഹിച്ചു എന്നതാണ് നഗരസഭയുടെ വിലയിരുത്തല്‍. രാമചന്ദ്രന്‍ വ്യാപാര ശാലയിലെ 78 ജീവനക്കാര്‍ക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്നാണ് ഇരു സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദ് ചെയ്യുന്ന കടുത്ത നടപടിയിയിലേക്ക് നഗരസഭയെത്തിയത്. തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 222 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 203 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. സമൂഹ വ്യാപനം നടന്ന പ്രദേശങ്ങളില്‍ രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Exit mobile version