തിരുവനന്തപുരത്തെ 222 രോഗികളില്‍ 203 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; സംസ്ഥാനത്ത് 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ഭീതിയില്‍ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി വിതച്ച് സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് 629 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച 222 പേരില്‍ 203 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 48 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 28 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, കോട്ടയം ജില്ലയിലെ 12 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 43 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 821 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതര്‍. രണ്ട് പേര്‍ ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവരാണ് മരിച്ചത്. ഇതോടെ മരണം 42 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 7063 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5373 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Exit mobile version