ചെറിയ പനിക്ക് ആരും വരേണ്ട, ഒപ്പിയിലും നിയന്ത്രണം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആശുപത്രിയിലെ 150 ജീവനക്കാര്‍ കൊവിഡ് നിരീക്ഷണത്തില്‍ പോയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മെഡിക്കല്‍ കോളേജില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒപിയില്‍ ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തും. ചെറിയ പനിക്ക് ചികിത്സ തേടുന്നതിനായി ആരും മെഡിക്കല്‍ കോളേജില്‍ വരരുതെന്നും മന്ത്രി നിര്‍ദേശം മുന്‍പോട്ട് വെച്ചു. കൊവിഡ് വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അസുഖം വന്നിട്ടില്ലെന്നും മറ്റ് വിഭാഗങ്ങളിലെയും എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മുന്‍കരുതല്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഴ് ഡോക്ടര്‍മാരടക്കം 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഏഴ് ഡോക്ടര്‍മാര്‍, അഞ്ച് സ്റ്റാഫ് നഴ്‌സ്, ശസ്ത്രക്രിയ വാര്‍ഡിലെ രോഗികള്‍ക്ക് കൂട്ടിരുന്നവര്‍ എന്നിവര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. കഴിഞ്ഞ ദിവസം ആറ് ഡോക്ടര്‍മാര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, 40 ഡോക്ടര്‍മാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി.

Exit mobile version