ശക്തമായ കാറ്റിനും കൂറ്റന്‍ തിരമാലയ്ക്കും സാധ്യത; അഞ്ച് ദിവസത്തേയ്ക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിര്‍ദേശം

തിരുവനന്തപുരം: ശക്തമായ കാറ്റിനും കൂറ്റന്‍ തിരമാലയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് അഞ്ച് ദിവസത്തേയ്ക്ക് പോകരുതെന്ന് നിര്‍ദേശം. അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി)ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ;

19.07.2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് 18.07.2020 മുതല്‍ 22.07.2020 വരെ തെക്ക്പടിഞ്ഞാറന്‍, മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

18.07.2020 മുതല്‍ 22.07.2020 വരെ കര്‍ണാടക, കേരള, ലക്ഷദ്വീപ്, അതിനോട് ചേര്‍ന്നുള്ള തെക്ക്കിഴക്കന്‍ അറബിക്കടല്‍ മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. 18.07.2020 മുതല്‍ 19.07.2020 വരെ മധ്യകിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ആയതിനാല്‍ 18.07.2020 മുതല്‍ 22.07.2020 വരെയുള്ള കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറി അറിയിച്ചു. ഉയര്‍ന്ന തിരമാല സാധ്യതയുള്ള 19.07.2020 രാത്രി 11.30 വരെയുള്ള സമയത്ത് തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറി പ്രത്യേകം മുന്നറിയിപ്പ് നല്‍കി.

Exit mobile version