ഫുള്‍ എ പ്ലസ് കിട്ടയവര്‍ക്ക് 80 രൂപ കോമ്പോ, പാസായവര്‍ക്ക് 49 രൂപയ്ക്ക് ചിക്കന്‍ ബിരിയാണിയും; പക്ഷേ തോറ്റവര്‍ക്ക് ‘ഫ്രീ അല്‍ഫാം’; അമ്പരപ്പിക്കുന്ന ഓഫറുമായി മലപ്പുറത്തെ മരുപ്പച്ച കിച്ചണ്‍

മലപ്പുറം: പ്ലസ് ടു പരീക്ഷയില്‍ തോറ്റവര്‍ക്കും പാസായവര്‍ക്കും ഫുള്‍ എ പ്ലസ് വാങ്ങിയവര്‍ക്കും സമ്മാനവുമായി മലപ്പുറത്തെ കാവനൂരുള്ള മരുപ്പച്ച കിച്ചണ്‍. ഫുള്‍ എ പ്ലസ് കിട്ടിയവര്‍ക്ക് മന്തി റൈസും അല്‍ഫാമും 80 രൂപയ്ക്കും എല്ലാവിഷയങ്ങള്‍ക്ക് പാസായവര്‍ക്ക് ചിക്കന്‍ ബിരിയാണി 49 രൂപയ്ക്കും നല്‍കും. ഇതിനു പുറമെ, മുഴുവന്‍ വിഷയത്തില്‍ തോറ്റവര്‍ക്ക് ഫുള്‍ അല്‍ഫാം ഫ്രീയായാണ് മരുപ്പച്ച നല്‍കുന്നത്.

ജൂലൈ 16 വ്യാഴാഴ്ചയാണ് ഓഫര്‍ പ്രഖ്യാപിച്ചത്. റിസല്‍ട്ട അറിഞ്ഞ ദിവസത്തേക്ക് മാത്രമായിരുന്നു ഓഫറെങ്കിലും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ ഇപ്പോഴും വൈറലാണ്. ഓഫര്‍ ലഭിക്കാന്‍ റിസല്‍ട്ട് കാണിക്കണമെന്ന നിബന്ധന മാത്രമാണ് മരുപ്പച്ച കിച്ചണ്‍ മുന്‍പോട്ട് വെച്ചത്. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കച്ചവടത്തെ സാരമായി ബാധിച്ചതുകൊണ്ടാണ് ഇത്തരം വേറിട്ട ഓഫറുകളുമായി എത്തിയതെന്ന് മരുപ്പച്ച കിച്ചന്‍ ഉടമ അഷ്ബില്‍ പറയുന്നു.

മികച്ച പ്രതികരണമാണ് വിദ്യാര്‍ഥികളില്‍ നിന്നുണ്ടായത്. തോറ്റ വിദ്യാര്‍ത്ഥികളും എത്തിയിരുന്നതായും അഷ്ബില്‍ പറയുന്നു. തോറ്റ വിദ്യാര്‍ത്ഥികളെ സാധാരണ ഗതിയില്‍ ആരും ശ്രദ്ധിക്കാറില്ല അതിനാലാണ് അവര്‍ക്ക് സൗജന്യം നല്‍കിയതെന്നും മരുപ്പച്ച കിച്ചണ്‍ പറയുന്നത്.

Exit mobile version