സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു; ഇതുവരെ മരിച്ചത് 37 പേര്‍; ആശങ്കയില്‍ സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 37 ആയി. തൃശൂര്‍ ജില്ലയില്‍ ജൂലൈ 15 ന് മരണമടഞ്ഞ ബി. അനീഷ് (39) , കണ്ണൂര്‍ ജില്ലയില്‍ ജൂലൈ 15 ന് മരണമടഞ്ഞ മുഹമ്മദ് സാലീക് (25) എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് 722 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 10275 ആയി. നിലവില്‍ 5372 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 4864 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്ത് ആകെ 1,83,900 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,78,468 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5432 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 804 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 4,72,271 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Exit mobile version